CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 49 Seconds Ago
Breaking Now

ഗര്‍ഭിണിയാണെന്ന് പോലും പരിഗണിക്കാതെ ഇല്ലാത്ത മോഷണകേസില്‍ അകത്ത് കിടന്ന ഇന്ത്യന്‍ വംശജയ്ക്ക് രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരം; സബ് പോസ്റ്റ്മാസ്റ്റര്‍മാരെ മോഷ്ടാക്കളാക്കിയതിന് എതിരെ പോരാടിയ സീമാ മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒബിഇ

സറേയിലെ വെസ്റ്റ് ബൈഫ്‌ളീറ്റില്‍ പോസ്റ്റ് ഓഫീസ് നടത്തിയിരുന്ന മിശ്രയെ 2008-ലാണ് ആരോപണത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്

രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് ഇരിക്കുമ്പോഴാണ് സീമാ മിശ്രയെ തേടി ആ ആഘാതം എത്തുന്നത്. പോസ്റ്റ്ഓഫീസില്‍ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ഇന്ത്യന്‍ വംശജയെ ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥ ഒത്തുചേര്‍ന്ന് ജയിലിലാക്കി. തന്റെ കുഞ്ഞിനെ ജയിലില്‍ വെച്ച് പ്രസവിക്കേണ്ട ഗതികേട് പോലും നേരിട്ടു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സോഫ്റ്റ്‌വെയറിലെ പിഴവാണ് ഈ വിധത്തില്‍ തങ്ങളെ ഇല്ലാത്ത മോഷണക്കേസിലെ കുറ്റവാളികളാക്കിയതെന്ന് തെളിയിക്കുന്നതിലും സീമ മുന്നിട്ടിറങ്ങി. 

സബ് പോസ്റ്റ്മാസ്റ്റര്‍മാരെ വ്യാജമായി ശിക്ഷിച്ച അനീതിക്കെതിരെ പടപൊരുതിയ സീമ മിശ്ര ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരങ്ങളില്‍ ഇടം നല്‍കിയത്. പോസ്റ്റ് ഓഫീസ് അഴിമതി കേസിലെ ഇരകള്‍ക്കായി പ്രചാരണം നടത്തിയ നാല് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്കാണ് ഒബിഇ സമ്മാനിക്കുന്നത്. സീമാ മിശ്രയ്ക്ക് പുറമെ ലീ കാസില്‍ടണ്‍, ക്രിസ് ഹെഡ്, ജോ ഹാമില്‍ടണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇവരുടെ മുന്നണി പോരാളിയായി നിലകൊണ്ട അലന്‍ ബെറ്റ്‌സിന് ഈ വര്‍ഷം ആദ്യം ക്‌നൈറ്റ് ചെയ്യപ്പെട്ടിരുന്നു. 

പോസ്റ്റ് ഓഫീസില്‍ ഉപയോഗിച്ചിരുന്ന ഹൊറൈസണ്‍ ഐടി സിസ്റ്റത്തിലെ പിഴവ് മൂലമാണ് ബ്രാഞ്ച് അക്കൗണ്ടുകളില്‍ നിന്നും പണം കാണാതാകുന്നതായി തെറ്റായി വിധിക്കപ്പെട്ടത്. എന്നാല്‍ ഈ പണമെല്ലാം സബ് പോസ്റ്റ്മാസ്റ്റര്‍ അടിച്ചുമാറ്റിയെന്നായി പോസ്റ്റ് ഓഫീസ് നിലപാട്. ഇതോടെയാണ് സീമാ മിശ്ര ഉള്‍പ്പെടെ നൂറുകണക്കിന് ജോലിക്കാര്‍ മോഷണക്കേസില്‍ പ്രതികളായത്. 

സറേയിലെ വെസ്റ്റ് ബൈഫ്‌ളീറ്റില്‍ പോസ്റ്റ് ഓഫീസ് നടത്തിയിരുന്ന മിശ്രയെ 2008-ലാണ് ആരോപണത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. 2010 നവംബറില്‍ ഇവര്‍ക്ക് 15 മാസത്തെ ജയില്‍ശിക്ഷയും വിധിക്കപ്പെട്ടു. 74,000 പൗണ്ട് മോഷ്ടിച്ചെന്നായിരുന്നു കുറ്റം. വിധിക്കെതിരായ പോരാട്ടം വര്‍ഷങ്ങള്‍ നീണ്ടപ്പോള്‍ മാത്രമാണ് പണം എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാകുന്നതും. പക്ഷെ അതിനകം ചെയ്യാത്ത കുറ്റത്തിന് സീമയെ പോലുള്ളവര്‍ അനുഭവിച്ചിരുന്നു. ഇപ്പോഴും തെറ്റായി ശിക്ഷ നേരിട്ടവര്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കിയിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.