ജനുവരി 1ന് ബ്രിട്ടനില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കും. പുതുവര്‍ഷം പിറക്കുമ്പോള്‍ തന്നെ പോക്കറ്റില്‍ നിന്നും പണം പുറത്തേക്ക് ഒഴുകുന്നതിന് ഈ വര്‍ഷവും വ്യത്യാസം ഉണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്. അതായത് വരുന്ന ഏപ്രില്‍ മാസത്തില്‍ എനര്‍ജി ബില്‍ വര്‍ദ്ധന വീണ്ടും നേരിടാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്.
ഇതോടെ ലേബര്‍ ഗവണ്‍മെന്റ് നല്‍കിയ മറ്റൊരു വാഗ്ദാനം കൂടി ഇക്കുറി പൊളിഞ്ഞുവീഴും. ജനുവരി 1-ലെ എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ദ്ധന ശരാശരി വാര്‍ഷിക ബില്ലുകള്‍ 1738 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഏപ്രില്‍ 1ന് വീണ്ടുമൊരു നിരക്ക് വര്‍ദ്ധന ഉണ്ടാകുകയും പ്രൈസ് ക്യാപ്പ് 1785 പൗണ്ടായി ഉയരുകയും ചെയ്യുമെന്നാണ് പുതിയ പ്രവചനം.
ഇത് സംഭവിച്ചാല്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് എനര്‍ജി പ്രൈസ് ക്യാപ്പ് ഉയരുക. ഇതോടെ ലേബര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയതിന് ശേഷം വാര്‍ഷിക എനര്‍ജി ബില്ലുകളില്‍ 217 പൗണ്ടിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തും. 2025 തുടക്കത്തില്‍ തന്നെ വാട്ടര്‍ ബില്ലുകള്‍ മുതല്‍ കൗണ്‍സില്‍ ടാക്‌സും, ടിവി ലൈസന്‍സ് ഫീസും, ബസ് നിരക്കും വര്‍ദ്ധിക്കുന്നതിന്റെ ആഘാതം നേരിടുന്ന ജനതയാണ് മറ്റൊരു എനര്‍ജി ബില്‍ ഷോക്ക് കൂടി നേരിടാനായി കാത്തിരിക്കുന്നത്.
എന്നാല്‍ ഈ നടപടികള്‍ മൂലം 2030 ആകുന്നതോടെ എനര്‍ജി ബില്ലുകള്‍ 300 പൗണ്ട് കുറയ്ക്കുമെന്ന എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദിന്റെ പ്രഖ്യാപനമാണ് വെള്ളത്തിലെ വരയായി മാറുക. ഗ്രീന്‍ എനര്‍ജിയിലേക്ക് ചുവടുമാറാനുള്ള മിലിബന്ദിന്റെ പദ്ധതി യഥാര്‍ത്ഥത്തില്‍ പ്രതികൂലമായി മാറുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ജനങ്ങളുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കാനാണ് തന്റെ ശ്രമമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുതുവര്‍ഷ സന്ദേശത്തില്‍ പറഞ്ഞു.