ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ കസേര വരെ തെറിക്കുമെന്നാണ് ഇതുവരെ നടന്ന ചര്‍ച്ചകള്‍. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ കനത്ത സമ്മര്‍ദത്തില്‍ കൊണ്ടെത്തിച്ച പ്രഖ്യാപനങ്ങളാണ് ഇതിന് കാരണം. എന്നാല്‍ ഇന്നലെ പുറത്തുവന്ന പണപ്പെരുപ്പ നിരക്കിലെ അപ്രതീക്ഷിത കുറവ് ഈ ചര്‍ച്ചകള്‍ക്ക് അര്‍ദ്ധവിരാമം കുറിയ്ക്കുകയാണ്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം ഡിസംബറില്‍ 2.5 ശതമാനത്തിലേക്ക് താഴ്ന്നതാണ് ഈ താല്‍ക്കാലിക ആശ്വാസത്തിന് ഇടയാക്കുന്നത്. നവംബറിലെ 2.6 ശതമാനത്തില്‍ നിന്നും നാമമാത്രമായ ഇടിവാണെങ്കിലും, ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സുപ്രധാനമാകുന്നത്.
പണപ്പെരുപ്പത്തില്‍ കുറവ് വന്നതോടെ ഗവണ്‍മെന്റ് ബോണ്ട് വില്‍പ്പനയുടെ വേഗം കുറയ്ക്കാന്‍ ട്രേഡര്‍മാര്‍ തയ്യാറായാല്‍ വിപണിക്ക് ആശ്വാസമാകും. ആഗോള പ്രതിസന്ധിയാണ് ഇതിന് കാരണമെന്ന് ലേബര്‍ ഗവണ്‍മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും യുകെ നേരിടുന്ന ഇരട്ട ആഘാതമാണ് പ്രധാന കാരണമെന്നതാണ് വസ്തുത. വളര്‍ച്ച മുരടിക്കുമ്പോഴും, വിലക്കയറ്റം പിടിച്ചുനില്‍ക്കുന്നതാണ് ഈ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്.
ഫെബ്രുവരി 6ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ പലിശ നിരക്ക് 4.5 ശതമാനത്തിലേക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. തളര്‍ന്ന് നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച തിരിച്ചെത്തിക്കാന്‍ ഇത് സുപ്രധാനവുമാണ്. അതേസമയം ഈ വര്‍ഷം കേന്ദ്ര ബാങ്ക് നാല് തവണയെങ്കിലും പലിശ കുറയ്ക്കുമെന്നാണ് ഇക്കണോമിസ്റ്റുകള്‍ക്കിടയില്‍ സര്‍വ്വെ നടത്തിയ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. എന്നാല്‍ പണപ്പെരുപ്പം പിടിച്ചുനില്‍ക്കാത്ത പക്ഷം ഇത് നടപ്പാക്കാന്‍ ബുദ്ധിമുട്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.