അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അടയ്ക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗ്വാണ്ടനാമോയിലെ തടവറകള്‍ വിപുലീകരിക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. 30,000 കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ കഴിയുംവിധം തടവറ വിപുലീകരിക്കാന്‍ ആണ് ഉത്തരവ്. 9/11 ആക്രമണത്തിന് ശേഷം ഭീകരവാദ പ്രതികളെ തടവിലാക്കിയ കുപ്രസിദ്ധ ജയിലാണ് ഗ്വാണ്ടനാമോ. ട്രംപിന്റേത് അതിക്രൂരമായ തീരുമാനമെന്നാണ് ക്യൂബയുടെ പ്രതികരണം.
ജനുവരി 20 ന് അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ചിക്കാഗോ, ന്യൂയോര്‍ക്ക്, ഡെന്‍വര്‍, ലോസ് ആഞ്ചല്‍സ് എന്നിവടങ്ങളില്‍ കുടിയേറ്റക്കാര്‍ക്കായി റെയ്ഡുകള്‍ നടന്നിട്ടുണ്ട്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പുറത്തു വിടുന്ന കണക്കുകള്‍ പ്രകാരം നിരവധി അനധികൃത കുടിയേറ്റക്കാര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
'അമേരിക്കന്‍ ജനതയ്ക്കു ഭീഷണിയായ നിയമവിരുദ്ധ, ക്രിമിനല്‍ കുടിയേറ്റക്കാരെ തടങ്കലില്‍ വയ്ക്കുന്നതിനുളള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയാണ്. 30,000 കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരില്‍ ചിലര്‍ വളരെ മോശം ആളുകളാണ്. അവരുടെ രാജ്യങ്ങള്‍പോലും അവരെ സ്വീകരിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നതെന്നും' ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.