യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് ഇന്നലെ വാഷിങ്ടണില്‍ ഉണ്ടായ വിമാനാപകടത്തില്‍ 67 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കന്‍ ഏജന്‍സികള്‍ അറിയിക്കുന്നു.
മരിച്ചവരില്‍ 14 ഫിഗര്‍ സ്‌കേറ്റിംഗ് താരങ്ങളും ഉള്‍പ്പെട്ടതായാണ് വിവരം. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്‌സ് പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെടുത്തു. മുങ്ങല്‍ വിദഗ്ധര്‍ തത്കാലത്തേക്ക് തിരച്ചില്‍ നിര്‍ത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്ഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചു.
അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജന്‍സി അറിയിച്ചു. ഒരു തെറ്റ് സംഭവിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു. അതിനിടെ അപകടത്തില്‍ ബൈഡന്‍ സര്‍ക്കാരിനെ പഴിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മുന്‍ സര്‍ക്കാരിന്റെ ഡൈവേര്‍സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ട്രംപ് ആരോപിച്ചു.
കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. റീഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച വിമാനം സമീപത്തെ പൊട്ടൊമാക് നദിയിലേക്ക് വീണു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 375 അടി ഉയരത്തില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.