അമേരിക്കയുടെ നടപടികള്‍ക്ക് പിന്നാലെ വ്യാപാരയുദ്ധം പ്രഖ്യാപിച്ച് ചൈനയും. പത്ത് ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ യുഎസിന് മറുപടിയായി 15 ശതമാനം ഇറക്കുമതി തീരുവ ചൈന പ്രഖ്യാപിച്ചു.
യുഎസില്‍നിന്നുള്ള കല്‍ക്കരി, പ്രകൃതിവാതകം എന്നിവയ്ക്കു 15 ശതമാനവും ക്രൂഡ് ഓയില്‍ മുതലുള്ള ഏതാനും ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനവും തീരുവ ചുമത്തിയ ചൈന, ആഗോള ടെക് ഭീമനായ ഗൂഗിളിനെതിരേ അന്വേഷണവും പ്രഖ്യാപിച്ചു. ഗൂഗിളിനെതിരെയുള്ള നീക്കം അമേരിക്കയെവരെ ഞെട്ടിച്ചിട്ടുണ്ട്. ഗൂഗിളിനെതിരേയുള്ള നീക്കം തീര്‍ത്തും അപ്രതീക്ഷിതമാണെന്ന് ടെക് ലോകം പറയുന്നു.
ചൈനയുടെ കുത്തക വിരുദ്ധ നിയമം ഗുഗിള്‍ ലംഘിക്കുന്നതായി സംശയിക്കുകയാണെന്ന് ആരോപിച്ചാണ് അന്വേഷണം. ഗൂഗിളിന് വിലക്കേര്‍പ്പെടുത്തിയതോടെ ഒട്ടേറെ കമ്പനികളാണു പ്രതിസന്ധിയിലായത്. വിവിധതരം ഇടപാടുകളും ഇതോടെ തടസപ്പെട്ടു.
ചുങ്കം ചുമത്താനുള്ള അമേരിക്കന്‍ തീരുമാനം ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് ചൈനീസ് ധനകാര്യമന്ത്രാലയം ആരോപിച്ചു. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് ചൈനയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി ഫു കോംഗ് പറഞ്ഞു. വ്യാപാരയുദ്ധത്തില്‍ ജേതാവ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.