മിഡില്‍ ഈസ്റ്റിനായി അസാധാരണ പദ്ധതി പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ആവശ്യമായി വന്നാല്‍ യുദ്ധ കലുഷിതമായ ഗാസാ മുനമ്പ് ഏറ്റെടുത്ത് പലസ്തീന്‍ ജനതയെ അയല്‍രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന മേഖലയെ കെട്ടിപ്പടുക്കാനുള്ള പദ്ധതിയുടെ രൂപമാണ് ട്രംപ് വ്യക്തമാക്കുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ പലസ്തീന്‍ ജനങ്ങളില്‍ ഭീതി പരത്തുന്നതാണ്. ഇത് അവഗണിക്കുന്ന ട്രംപ് പുതിയ തരത്തിലുള്ള ചിന്താഗതിയിലേക്ക് മാറുകയും, 'മിഡില്‍ ഈസ്റ്റിലെ റിവിയേറ' നിര്‍മ്മിക്കുമെന്നും വാഗ്ദാനം ചെയ്തു.
'യുഎസ് ഗാസാ മുനമ്പ് ഏറ്റെടുക്കും. അതിനൊപ്പം മറ്റൊരു ജോലി കൂടി ചെയ്യും. ആ സ്ഥലം ഏറ്റെടുത്ത് അവിടെ പൊട്ടാതെ കിടക്കുന്ന അപകടകരമായ ബോംബുകള്‍ നശിപ്പിക്കും, ഒപ്പം മറ്റ് ആയുധങ്ങളും ഇല്ലാതാക്കും. കൂടാതെ തകര്‍ന്ന കെട്ടിടങ്ങളും ഒഴിവാക്കും', ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ കൂടിയായ ട്രംപ് ഗാസാ മുനമ്പിന്റെ തീരപ്രദേശ സാഹചര്യം ഉപയോഗിച്ച് ഇവിടെ ഒരു ഹോളിഡേ വെക്കേഷനായി രൂപപ്പെടുത്തണമെന്ന നിലപാടുള്ള വ്യക്തിയാണ്. യുഎസ് പുനര്‍നിര്‍മ്മാണം നടത്തുമ്പോള്‍ ആയിരക്കണക്കിന് ജോലികള്‍ സൃഷ്ടിക്കപ്പെടുകയും, പലസ്തീനികള്‍ക്ക് വേദനയും, പുനര്‍നിര്‍മ്മാണം നടത്താനുള്ള ചെലവും ഒഴിവായി കിട്ടുകയും ചെയ്യുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ഇതിനായി വേണ്ടിവന്നാല്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള ആളുകള്‍ക്ക് താമസിക്കാന്‍ പറ്റുന്ന ഇടമായി ഗാസയെ മാറ്റാമെന്ന പ്രസിഡന്റിന്റെ വാക്കുകള്‍ പലസ്തീന്‍ ജനതയ്ക്ക് പുതിയ തിരിച്ചടി സമ്മാനിക്കും. പ്രത്യേകിച്ച് ഗാസയിലെ രണ്ട് മില്ല്യണ്‍ ജനങ്ങളെ ഇവിടെ നിന്നും ഒഴിവാക്കുന്നത് വംശീയമായി ഇല്ലാതാക്കലാകുമെന്ന് വിമര്‍ശനം ഉയരും. ഈ മേഖലയുടെ നിയന്ത്രണം അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ മൂലകാരണവുമാണ്.