CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 17 Seconds Ago
Breaking Now

കോണ്‍ഗ്രസിനെ ആക്രമിച്ച് ഇടത്പക്ഷത്തിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ ശ്രമിക്കുന്നു; തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കും; കെആര്‍ മീരക്കെതിരെ ആഞ്ഞടിച്ച് വി ഡി സതീശന്‍

തെരെഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലെത്താനും ആര്‍.എസ്.എസുമായി കൈകോര്‍ത്ത സി.പി.എമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു പോകുന്നു? ഇത്തരം ശക്തികളുമായി കോണ്‍ഗ്രസ് ഒരിക്കലും സന്ധി ചെയ്തിട്ടില്ല.

ഗാന്ധിവധത്തില്‍ കോണ്‍ഗ്രസിനെതിരെ ആക്ഷേപം ഉയര്‍ത്തിയ ഏഴുത്തുകാരി കെആര്‍ മീരക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗാന്ധിയെ തുടച്ചു നീക്കാന്‍ പത്തെഴുപത്തിയഞ്ച് വര്‍ഷമായി കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിക്കുന്നുവെന്ന കെ.ആര്‍ മീരയുടെ വ്യാഖ്യാനം എന്തടിസ്ഥാനത്തിലാണെന്ന് മനസിലായതേയില്ല. അതുകൊണ്ട് തന്നെ മറുപടി പറയേണ്ടന്നാണ് ആദ്യം കരുതിയത്. ചരിത്ര സത്യങ്ങള്‍ വാക്കുകള്‍ കൊണ്ട് മായ്ക്കാനോ വ്യാഖ്യാനങ്ങള്‍ കൊണ്ട് മറയ്ക്കാനോ കഴിയില്ല. അതുകൊണ്ട് വസ്തുതകള്‍ പറഞ്ഞ് പോകാമെന്ന് കരുതി. സത്യം വിളിച്ചു പറയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ നിശബ്ദത ഭീരുത്വമാകുന്നുവെന്ന് പറഞ്ഞതും ഗാന്ധിയാണ്.

നാഥുറാം ഗോഡ്സെ എന്ന അതിതീവ്ര ഹിന്ദുത്വവാദിയാണ് മഹാത്മാവിനെ വധിച്ചത്. ഗോഡ്സെ ഒരു പേരോ വ്യക്തിയോ അല്ല മറിച്ച് അതൊരു ആശയമാണ്. ഏറ്റവും വലിയ അനുഭൂതിയായ സ്വാതന്ത്രൃം ഒരു ജനതയ്ക്ക് നേടിക്കൊടുത്തതിന് മരണം പകരം ലഭിച്ച രക്തസാക്ഷിയാണ് ഗാന്ധിജി. സംഘ്പരിവാറിന് വെടിവച്ചിടാനേ കഴിഞ്ഞുള്ളൂ. മരണവും കടന്ന് തലമുറകളിയുടെ ഗാന്ധി ഇന്നും ജീവിക്കുന്നു.

ബിര്‍ള മന്ദിരത്തിന്റെ നടപ്പാതയില്‍ തളം കെട്ടി നിന്ന ചോരയില്‍ നിന്ന് ഒരാള്‍ അമരനായി ഉയിര്‍ക്കുന്നു. ഇന്നും ഇന്ത്യ എന്ന മണ്ണിന്റെ ആത്മാവാണ് ഗാന്ധിയും ഗാന്ധിസവും. അതിന്റെ പതാകാവാഹകരാണ് കോണ്‍ഗ്രസ്. ഗാന്ധിജിയുടെ മതേതരത്വത്തിന്റെ അടിസ്ഥാനം മാനവികതയാണ്. രാജ്യത്ത് മതേതരത്വം നിലനിന്ന് കാണണമെന്ന് ചിന്തിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസിനെ തള്ളിക്കളയാനാകില്ല. ഇന്ത്യ എന്ന മഹത്തായ ആശയം കോണ്‍ഗ്രസില്ലാതെ പൂര്‍ണ്ണമാകുകയുമില്ല.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു! അവരെ കുറിച്ച് ചിലത് പറയാനുണ്ട്; തീക്ഷ്ണമായ സമര കാലത്ത് ബ്രിട്ടീഷുകാരുമായി സന്ധി ചെയ്ത് മാപ്പിരന്നവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞ അഞ്ചാം പത്തികളായിരുന്നു കമ്യൂണിസ്റ്റുകാര്‍. സായുധ വിപ്ലവത്തിലൂടെ നെഹ്റു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണവര്‍. ബി.ജെ.പിയും സി.പി.എമ്മും ഇപ്പോള്‍ കാണിക്കുന്നത് പ്രകടനങ്ങളാണ്. അവര്‍ക്ക് ഇരുവര്‍ക്കും പങ്കിലമായ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തെ മറന്ന് കോണ്‍ഗ്രസിനെ ആക്രമിക്കുകയും അതുവഴി ഇടത്പക്ഷ രാഷ്ട്രീയത്തിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനുമാണ് കെ.ആര്‍ മീരയുടെ ശ്രമമെന്ന് ന്യായമായും സംശയിക്കാം.

തെരെഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലെത്താനും ആര്‍.എസ്.എസുമായി കൈകോര്‍ത്ത സി.പി.എമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു പോകുന്നു? ഇത്തരം ശക്തികളുമായി കോണ്‍ഗ്രസ് ഒരിക്കലും സന്ധി ചെയ്തിട്ടില്ല.

കോണ്‍ഗ്രസ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നുവെങ്കില്‍ അതിന്റെ കാരണങ്ങളില്‍ ഒന്ന് അതിശക്തമായ മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതു കൊണ്ടാണ്. ബി.ജെ.പിയെ പോലെ വിഭജനത്തിന്റെ രാഷ്ട്രീയമല്ല കോണ്‍ഗ്രസിന്റേത്. അത് ചേര്‍ത്തു പിടിക്കലിന്റെ രാഷ്ട്രീയമാണ്. അധികാരത്തേക്കാള്‍ വലുതാണ് മതേതരത്വമെന്നതു കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിപക്ഷത്തിരുന്ന് പോരാടുന്നത്. അതിനെ ലളിതവത്കരിക്കുന്നത് രാജ്യത്തിന് അപകടമാണെന്ന് കെ.ആര്‍ മീരയ്ക്ക് മനസിലാകാത്തത് എന്തുകൊണ്ടാണ്?

നിരവധി മികച്ച എഴുത്തുകാരുള്ള സംസ്ഥാനമാണ് കേരളം. അതില്‍ പലര്‍ക്കും പറ്റിപ്പോയത് അവര്‍ മാര്‍ക്സിയന്‍ കാഴ്ചപ്പാട് കടം കൊള്ളുകയോ സ്വയം പ്രഖ്യാപിത മാര്‍ക്സിസ്റ്റ് ആയി മാറുകയോ ചെയ്തു എന്നുള്ളതാണ്. കേരളത്തിലെ സി.പി.എമ്മിന്റെ പൊളിറ്റിക്കല്‍ ഫ്രെയിമില്‍ പെട്ടുപോയത് ചിലര്‍ക്ക് ഗുണം ചെയ്തു. ചിലര്‍ക്ക് വളരാന്‍ കഴിയാതെയും പോയി. സ്വതന്ത്ര ചിന്തയുള്ള എത്ര പേരാണ് സി.പി.എമ്മിന്റെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ച് സ്വയം ചുരുങ്ങിപ്പോയത്. ഇപ്പോഴും സി.പി.എമ്മിന്റെ വഴിയിലൂടെ നടന്ന് ലാഭങ്ങള്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍ അത് അവരുടെ വഴി.

പക്ഷേ അതിനു വേണ്ടി കോണ്‍ഗ്രസ് വഴിവെട്ടി നട്ടു നനച്ച് വളര്‍ത്തിയ രാജ്യത്തിന്റെ ചരിത്രത്തേയും രാഷ്ട്രശില്‍പ്പികളുടെ അധ്വാനത്തേയും തെറ്റായി വ്യാഖ്യാനിക്കരുത്. കോണ്‍ഗ്രസിനെ അധിക്ഷേപിച്ച് ഇടതുപക്ഷത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ സംഘ്പരിവാരിന്റെ വഴിയിലേക്കാണ് എത്തുന്നതെന്നും മക്കരുത്.

കോണ്‍ഗ്രസിന് കൃത്യമായ നിലപാടുണ്ട്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ അത് കാണാം. അതിനെ ചോദ്യം ചെയ്യാം വിമര്‍ശിക്കാം. അത് സഹിഷ്ണുതയോടെ കേള്‍ക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തും. പക്ഷെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ല. അതാരായാലും ചെറുക്കും. അതിനെ പരാജയപ്പെടുത്തുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.