പലസ്തീനികള്‍ സ്വന്തം രാജ്യത്തിനു പകരം സൗദി അറേബ്യയില്‍ ഒരു രാഷ്ട്രം സ്ഥാപിക്കണമെന്ന് അഭിപ്രായപ്പെട്ട ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശത്തെ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപിമാര്‍ അപലപിച്ചു. ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുന്നതിന് പലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള വ്യക്തമായ പാത ഒരു മുന്‍വ്യവസ്ഥയാണെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി റിയാദ് വാദിച്ചിരുന്നു. വ്യാഴാഴ്ച ഇസ്രായേലിന്റെ ചാനല്‍ 14 ന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു ഈ ആശയത്തെ പുച്ഛിച്ചു തള്ളി.
''സൗദി അറേബ്യയില്‍ ഒരു പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കാന്‍ സൗദികള്‍ക്ക് കഴിയും; അവര്‍ക്ക് അവിടെ ധാരാളം ഭൂമിയുണ്ട്,'' പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന രാജ്യത്തിന്റെ നിര്‍ബന്ധം തള്ളിക്കളഞ്ഞുകൊണ്ട് നെതന്യാഹു പറഞ്ഞു. ബ്രിട്ടീഷ് മുസ്ലീങ്ങളെക്കുറിച്ചുള്ള യുകെയിലെ ഓള്‍-പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനായ ലേബര്‍ എംപി അഫ്‌സല്‍ ഖാന്‍ മിഡില്‍ ഈസ്റ്റ് ഐയോട് നടത്തിയ അഭിപ്രായത്തില്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ ''ബാര്‍ബറിക്ക്'' ആണെന്ന് മുദ്രകുത്തി. ''പലസ്തീനികള്‍ക്ക് കൂടുതല്‍ കുടിയിറക്കം ആവശ്യമില്ല. അവര്‍ക്ക് ഒരു സ്വതന്ത്ര മാതൃഭൂമി ആവശ്യമാണ്,'' അദ്ദേഹം പറഞ്ഞു.
'നെതന്യാഹുവിന്റെ കിരാതമായ നിര്‍ദ്ദേശങ്ങള്‍ ഒരു ജനതയെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കലും ഗാസയെ വംശീയമായി തുടച്ചുനീക്കാനുള്ള പദ്ധതിയുമായിരിക്കും.'' നിലവില്‍ ലേബര്‍ പാര്‍ട്ടിയാണ് ബ്രിട്ടണില്‍ അധികാരത്തിലുള്ളത്, ''പലസ്തീനികളെ കുടിയിറക്കാനുള്ള ഏതൊരു പദ്ധതിയെയും സര്‍ക്കാര്‍ വ്യക്തമായി എതിര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര നിയമത്തിന്റെ ഇത്തരം നഗ്നമായ ദുരുപയോഗങ്ങള്‍ക്കെതിരെ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു'' ഖാന്‍ പറഞ്ഞു.