മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. കാരണം ഈ മുഗള്‍ ഭരണാധികാരിയുടെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ക്ക് ഇപ്പോഴുള്ള വിളിപ്പേര് തന്നെ- തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍. ഇത്തരം പരിഷ്‌കാരങ്ങള്‍ നടത്തുന്ന തിരക്കിലാണ് ഇപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ്.
ജയിലുകളില്‍ സ്ഥലം ഒപ്പിക്കാന്‍ കുറ്റവാളികളെ മുന്‍കൂട്ടി റിലീസ് ചെയ്യുന്നതിന് പുറമെ ഇപ്പോള്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് സുദീര്‍ഘമായ ശിക്ഷ അനുഭവിക്കുന്നവരെയും നേരത്തെ വിട്ടയയ്ക്കാനാണ് ജസ്റ്റിസ് സെക്രട്ടറിയുടെ നീക്കം. തിരക്കേറിയ ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ ഹൃസ്വമായ ശിക്ഷ അനുഭവിക്കുന്നരെ പുറത്തുവിട്ടത് കൊണ്ട് മാത്രം സാധിക്കില്ലെന്ന് ഷബാന മഹ്മൂദ് സ്ഥിരീകരിച്ചു.
ഇതോടെ ദീര്‍ഘകാലത്തേക്ക് ശിക്ഷകള്‍ നേരിടുന്ന കുറ്റവാളികളും നേരത്തെ പുറത്തിറങ്ങാനുള്ള സാധ്യതയാണ് വരുന്നത്. ഗുരുതര കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ലേബര്‍ ആരംഭിച്ച സെന്റന്‍സിംഗ് റിവ്യൂ പ്രകാരം കുറഞ്ഞ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കുക.
യോര്‍ക്ക്ഷയറിലെ പുതിയ 1500 പേരുടെ ജയില്‍ തുറക്കവെയാണ് ജസ്റ്റിസ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. 99 ശതമാനം ജയില്‍ ഇടങ്ങളും നിറഞ്ഞ സ്ഥിതിയാണ്. ഹൃസ്വകാല ശിക്ഷകളില്‍ നടപടി എടുത്തത് കൊണ്ട് മാത്രം ഇത് ശരിയാക്കാന്‍ കഴിയില്ല. പുതുതായി നിര്‍മ്മിക്കുന്ന ഇടങ്ങള്‍ അതിവേഗം നിറയുന്ന സാഹചര്യമുണ്ട്. ഈ വിധത്തില്‍ പുതുതായി ജയില്‍നിര്‍മ്മിച്ച് മാത്രം ഇതില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കില്ല, മഹ്മൂദ് വ്യക്തമാക്കി.
എന്നാല്‍ ഗുരുതര ക്രിമിനലുകള്‍, സായുധ കവര്‍ച്ചക്കാര്‍, പ്രധാന മയക്കുമരുന്ന് ഇടപാടുകാര്‍, ലൈംഗിക കുറ്റവാളികളും, കൊലയാളികളും വരെ ചെറിയ ശിക്ഷ വാങ്ങി ജയിലില്‍ നിന്നും തെരുവിലേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ആശങ്ക വരുന്നത്.