അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനില്‍ കുടുംബങ്ങള്‍ക്ക് നേരിടേണ്ടത് 1000 പൗണ്ടോളം വരുന്ന അധിക ബാധ്യത. ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ടാക്‌സ് വേട്ടയും, പണപ്പെരുപ്പത്തെ മറികടന്ന് ഉയരുന്ന ബില്ലുകളും ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്നതോടെയാണ് ഈ ആഘാതം അഭിമുഖീകരിക്കുന്നത്.
കൗണ്‍സില്‍ ടാക്‌സ്, വാട്ടര്‍, എനര്‍ജി റേറ്റുകള്‍ ഉള്‍പ്പെടെ പലവിധ ബില്ലുകളും വര്‍ദ്ധിപ്പിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയും 25 ബില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനായി നിലവിലെത്തും. ഇതോടെ കുറഞ്ഞ വരുമാനവും, ഉയര്‍ന്ന വിലയുമായി ഇത് ജനങ്ങളെ തന്നെ തിരിഞ്ഞുകൊത്തും.
ജനങ്ങളുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത ലേബര്‍ ഗവണ്‍മെന്റ് കൂടുതല്‍ പോക്കറ്റടിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഇതെല്ലാം ചേരുമ്പോള്‍ ഈ വര്‍ഷത്തേക്ക് വെട്ടിച്ചുരുക്കിയ 1 ശതമാനം വളര്‍ച്ചാ നിരക്കും കൈവരിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല. ഈയൊരു അവസ്ഥ ഉണ്ടായാല്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകളും, ചെലവ് ചുരുക്കലുമായി റീവ്‌സ് വീണ്ടും വേട്ടയ്ക്ക് ഇറങ്ങുമെന്നാണ് ആശങ്ക.
ലേബര്‍ ഗവണ്‍മെന്റ് ബ്രിട്ടനിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കുകയാണെന്ന് ടോറി നേതാവ് കെമി ബാഡെനോക് പ്രതികരിച്ചു. റെക്കോര്‍ഡ് നികുതി, ഉയരുന്ന തൊഴിലില്ലായ്മ, ഉയര്‍ന്ന പണപ്പെരുപ്പം, പൂജ്യം വളര്‍ച്ച, ഇതാണ് ലേബറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന മാത്രം കുടുംബ ബജറ്റുകളില്‍ നിന്നും 565 പൗണ്ട് കവരുമെന്നാണ് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് & ബിസിനസ്സ് റിസേര്‍ച്ച് കണക്കാക്കുന്നത്. കൗണ്‍സില്‍ ടാക്‌സുകള്‍ ശരാശരി 90 പൗണ്ട് വരെ വര്‍ദ്ധിക്കുമ്പോള്‍ വാട്ടര്‍ ബില്ലുകള്‍ 123 പൗണ്ടെങ്കിലും കൂട്ടിച്ചേര്‍ക്കപ്പെടും.