ലോകത്തിലെ ഏറ്റവും മികച്ച ഗെയിമര്‍മാരില്‍ ഒരാളായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരന്‍ മാത്സ് ജിസിഎസ്ഇ പരീക്ഷയില്‍ പരാജയപ്പെട്ടതായി അറിഞ്ഞ് ആത്മഹത്യ ചെയ്തു. എന്നാല്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് തൊട്ടടുത്ത ദിവസം ഈ ഫലം പുതുക്കുകയും, 17-കാരനായ അലന്‍ ഹെന്‍ഷോ വിജയിച്ചതായി കാണിക്കുകയും ചെയ്തു. മാതാപിതാക്കളാണ് മകന്റെ മരണം നടന്ന് അടുത്ത ദിവസം യഥാര്‍ത്ഥത്തില്‍ പരീക്ഷയില്‍ വിജയിച്ചിരുന്നതായി കണ്ടെത്തിയത്.
പരീക്ഷാ ഫലങ്ങള്‍ വന്ന മാസത്തിലാണ് അലന്‍ ഹെന്‍ഷോ അപ്രതീക്ഷിതമായി ആത്മഹത്യയില്‍ അഭയം പ്രാപിച്ചതെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. എന്നാല്‍ ഫലം അടുത്ത ദിവസം അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആണ്‍കുട്ടി പരീക്ഷയില്‍ വിജയിച്ചിരുന്നുവെന്നാണ് സ്ഥിരീകരിച്ചത്.
'അവന്‍ വളരെ വിഷമത്തിലായിരുന്നു, ജിസിഎസ്ഇ മാത്സ് പേപ്പറിലാണ് പരാജയപ്പെട്ടത്. എന്നാല്‍ റീ-മാര്‍ക്ക് വന്നപ്പോള്‍ പാസായതായി അറിഞ്ഞു, അടുത്ത ദിവസമാണ് ഇ-മെയില്‍ ലഭിച്ചത്', അമ്മ ലിസാ ഹാമില്‍ടണ്‍ മൊഴി രേഖപ്പെടുത്തി. ഓട്ടിസവും, എഡിഎച്ച്ഡിയും ഉണ്ടായിരുന്ന 17-കാരന്‍ ലോകത്തിലെ ഓണ്‍ലൈന്‍ ടൂര്‍ണമെന്റുകളില്‍ അഞ്ചാം റാങ്കിലുണ്ടായിരുന്ന വ്യക്തിയാണ്.
തന്റെ വെല്ലുവിളികളെ അഭിമുഖീകരിച്ച ഹാംപ്ഷയര്‍ വിന്‍ചെസ്റ്ററില്‍ നിന്നുള്ള അലന്‍ ബേസിംഗ്‌സ്‌റ്റോക്ക് കോളേജ് ഓഫ് ടെക്‌നോളജിയില്‍ ബിടെക് ഗെയിം ഡിസൈനിന് പഠിക്കുകയായിരുന്നു. കോഴ്‌സില്‍ മികച്ച പ്രകടനമാണ് കൗമാരക്കാരന്‍ കാഴ്ചവെച്ചിരുന്നത്. താന്‍ ചെയ്ത വര്‍ക്ക് ട്യൂട്ടര്‍ക്ക് മുന്നില്‍ വിശദീകരിക്കേണ്ട അവസ്ഥ പോലും നേരിട്ടിരുന്നു. അത്രയും നല്ല വര്‍ക്ക് എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാകുമെന്ന സംശയത്തിലായിരുന്നു ഇത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് വാതില്‍ അടച്ചുപൂട്ടിയതായി കണ്ടതോടെ അമ്മ ഫയര്‍ ബ്രിഗേഡിനെ വിളിക്കുന്നത്. ഇവര്‍ വാതില്‍ കുത്തിത്തുറന്നെങ്കിലും അലക്‌സിന്റെ മൃതദേഹമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.