ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറന്ന വിമാനം തുര്‍ക്കിയിലെ സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതോടെ 200-ലേറെ യാത്രക്കാര്‍ ദുരിതത്തില്‍. 30,000 അടി ഉയരത്തില്‍ പറക്കവെ ഒരു യാത്രക്കാരി ബഹളം വെച്ചതിനെ തുടര്‍ന്നാണ് വിമാനം വിദൂര വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്. പ്രശ്‌നം കൈവിട്ട് പോകുമെന്ന് തോന്നിയതോടെയാണ് മെഡിക്കല്‍ സഹായത്തിനായി വിമാനം ലാന്‍ഡ് ചെയ്തത്.
തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ട എയര്‍ബസ് എ350 വൈകുന്നേരം 4 മണിയോടെ ദിയാര്‍ബകിറില്‍ ലാന്‍ഡ് ചെയ്തു. സൈനിക താവളമായ ഇവിടെ ചില യാത്രാ വിമാനങ്ങളും എത്താറുണ്ട്. എന്നാല്‍ അടിയന്തര ലാന്‍ഡിംഗിന് ശേഷം വിര്‍ജിന്‍ വിമാന അധികൃതരെ യാത്രക്കാരെ കൈവിട്ട നിലയിലായി. 16 മണിക്കൂറോളം ചോറ് മാത്രം കൊടുക്കാനാണ് ഇവര്‍ക്ക് കഴിഞ്ഞത്.
കുഞ്ഞുങ്ങളും, ഡയബറ്റിക് രോഗികളും, പെന്‍ഷന്‍കാരും ഉള്‍പ്പെടെ യാത്രക്കാര്‍ ഇതോടെ ദുരിതത്തിലാണ്. സഹായം അഭ്യര്‍ത്ഥിച്ച് ഒരു നാല് മാസം ഗര്‍ഭിണിയായ സ്ത്രീ ഓണ്‍ലൈനില്‍ വിവരങ്ങള്‍ പുറത്തുവിട്ടു. കൈയിലെ ബാഗ് പോലും വിമാനത്തില്‍ വെച്ച് പുറത്തിറങ്ങാനാണ് നിര്‍ദ്ദേശം നല്‍കിയത്.
വിമാനത്താവളം സാധാരണ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ അല്ലാത്തതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകുകയാണ് ചെയ്തത്. വിമാനത്തിന് ഇതിനിടെ സാങ്കേതിക തകരാറും നേരിട്ടതോടെ ഇന്ത്യയിലേക്കുള്ള യാത്ര അസാധ്യമായി. നയതന്ത്രജ്ഞര്‍ ഇടപെട്ട് 24 മണിക്കൂര്‍ വിസകള്‍ ലഭ്യമാക്കിയതോടെയാണ് ഇവര്‍ക്ക് അടുത്തുള്ള ഹോട്ടലുകളിലേക്ക് മാറാനായത്.
ഇന്ന് സൗദി അറേബ്യയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്രക്കാരെ അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ ഭാഗത്ത് നിന്നും പകരം യാത്രാ സാധ്യതകളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. സംഭവത്തില്‍ അഗാധമായ ഖേദമുണ്ടെന്ന് മാത്രമാണ് വിര്‍ജിന്റെ പ്രതികരണം.