ഇംഗ്ലണ്ടിലെ ഏറ്റവും മോശം ജയിലുകളില്‍ ഒന്നായി കരുതപ്പെടുന്ന എച്ച്എംപി വാന്‍ഡ്‌സ്‌വര്‍ത്തില്‍ തടവുകാരനുമായി നിയമവിരുദ്ധമായി പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുന്നതായുള്ള ആരോപണങ്ങളില്‍ ജയില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ നവംബര്‍ മുതല്‍ സ്റ്റെഫാനി അഡെയര്‍ അന്വേഷണം നേരിടുകയാണ്. എച്ച്എംപി വാന്‍ഡ്‌സ്‌വര്‍ത്തില്‍ ശിക്ഷ നേരിടുന്ന കൊലപാതകിയും, മയക്കുമരുന്ന് ഇടപാടുകാരനുമായ ജാഹ്കി ക്രോസ്‌ഡേലുമായാണ് നഴ്‌സ് പ്രണയബന്ധത്തിലായത്.
അതേസമയം 27-കാരിയായ സ്റ്റെഫാനി ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്. എന്നിരുന്നാലും നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജയില്‍, യുവ കുറ്റവാളികള്‍ക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്, ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ നേരിടുന്ന വ്യക്തികളെ പാര്‍പ്പിക്കുന്ന മറ്റ് ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നതില്‍ നിന്നാണ് ഇവരെ താല്‍ക്കാലികമായി വിലക്കിയത്.
വെസ്റ്റ് ലണ്ടന്‍ ജയിലില്‍ ഒരു കോണ്‍ട്രാക്ടറുടെ കീഴിലാണ് അവിവാഹിതയായ നഴ്‌സ് ജോലി ചെയ്തിരുന്നത്. കര്‍ശനമായ നിബന്ധനകള്‍ നേരിടുന്നതിനാല്‍ നിരീക്ഷണത്തോടെ മാത്രമാണ് ഇനി അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുക. ആയുധങ്ങള്‍ കൈവശം വെച്ചതിനും, മയക്കുമരുന്ന് കുറ്റങ്ങളും കൂടി നേരിടുന്ന പ്രതിയാണ് ക്രോസ്‌ഡെയില്‍.
നവംബറിലാണ് സംഭവം പുറത്തുവരുന്നത്. നഴ്‌സിന് എതിരായ ആരോപണങ്ങള്‍ ഇവരുടെ കുടുംബത്തെയും ഞെട്ടലിലാക്കി. അതേസമയം ഒക്ടോബറില്‍ ക്രോസ്‌ഡേലും ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇയാളുടെ നിലപാട്.