പോപ്പ് ഫ്രാന്‍സിസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇതിനിടെ വത്തിക്കാന്‍ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ സുരക്ഷയൊരുക്കുന്ന തിരക്കിലാണ് ഇറ്റാലിയന്‍ അധികൃതര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ബ്രിട്ടന്റെ വില്ല്യം രാജകുമാരനും ഉള്‍പ്പെടെ 170 വിദേശ പ്രതിനിധികള്‍ ശനിയാഴ്ച വത്തിക്കാനില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തുമെന്നാണ് കരുതുന്നത്.
200,000 ജനങ്ങളും ചടങ്ങുകള്‍ക്കായി എത്തുമ്പോള്‍ ജാഗരൂഗമായ സുരക്ഷയാണ് ഏതാനും ദിവസം കൊണ്ട് തയ്യാറാക്കേണ്ടി വരുന്നത്. സംഘര്‍ഷമേഖലകളില്‍ നിയോഗിച്ചിരുന്ന ഷാഡോ മിലിറ്ററി യൂണിറ്റിനെ ഇപ്പോള്‍ വത്തിക്കാന്റെ മേല്‍ കണ്ണുവെയ്ക്കാനായി നിയോഗിച്ചിട്ടുണ്ട്. ഡ്രോണുകളെ തടയുന്ന ആയുധങ്ങള്‍ സജ്ജമാക്കിയതിന് പുറമെ ആകാശത്ത് നാറ്റോ എഡബ്യുഎസിഎസ് നിരീക്ഷണ ജെറ്റുകള്‍ പറക്കാന്‍ അനുമതിയില്ലാത്ത മേഖലകളില്‍ പട്രോളിംഗ് നടത്തും.
ആന്റി-ഡ്രോണ്‍ ജാമിംഗ് സിസ്റ്റം, സ്‌നൈപ്പറുകള്‍ എന്നിവയ്ക്ക് പുറമെ ഏകദേശം 8000 സുരക്ഷ ഏജന്റുമാരെയും നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ ഭീഷണി ഔദ്യോഗികമായി ഉയര്‍ത്തിയിട്ടില്ലെങ്കിലും, അനൗദ്യോഗികമായി സാധ്യത മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് നടപടികള്‍ വ്യക്തമാക്കുന്നു. റോമിലും, വത്തിക്കാനിലും അതിവേഗത്തിലാണ് കാര്യങ്ങള്‍ നീക്കുന്നത്. വ്യോമപാത ലോക്ക് ചെയ്തതിന് പുറമെ എല്ലാ വിമാനങ്ങള്‍ക്കും, ഡ്രോണുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
തന്റെ മുന്‍ഗാമികളില്‍ നിന്നും വിഭിന്നമായാണ് പോപ്പ് ഫ്രാന്‍സിസിന്റെ അടക്കം. മുന്‍ പോപ്പുമാര്‍ മരിച്ചപ്പോള്‍ പരമ്പരാഗതമായി സെന്റ് പീറ്റേഴ്‌സ് ബസലിക്കയ്ക്ക് കീഴിലാണ് അന്ത്യവിശ്രമം നല്‍കിയത്. എന്നാല്‍ പോപ്പ് ഫ്രാന്‍സിസ് തനിക്ക് ഏറെ പ്രിയപ്പെട്ട സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് അന്ത്യവിശ്രമം നല്‍കേണ്ടതെന്ന് എഴുതിയിട്ടിരുന്നു. വത്തിക്കാന് പുറത്തേക്ക് ഫ്യൂണറല്‍ പ്രൊസഷന്‍ നീളുന്നത് ഇറ്റാലിയന്‍ സുരക്ഷാ സേനകള്‍ക്ക് കാര്യങ്ങള്‍ കടുപ്പമാക്കും.