ഇനിയൊരു മടക്കമില്ലാത്ത യാത്ര. ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് വിടവാങ്ങിയ ലോകത്തിന്റെ പ്രിയങ്കരനായ പോപ്പ് ഫ്രാന്‍സിസിന് അന്തിമമായി വിട നല്‍കാനായി ലോകനേതാക്കള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് വത്തിക്കാനിലേക്ക് എത്തിയിരിക്കുന്നത്.
പോപ്പിന് വേണ്ടിയുള്ള ഫ്യൂണറല്‍ മാസ് പൂര്‍ത്തിയാക്കി റോമിലെ പള്ളിയിലേക്ക് പോപ്പ് ഫ്രാന്‍സിസിന്റെ ഭൗതീകശരീരം കൊണ്ടുപോയി. പോപ്പ് ഫ്രാന്‍സിസ് മനസ്സുകളും, ഹൃദയങ്ങളും തൊട്ട വ്യക്തിയാണെന്നും, ചുവരുകളല്ല, പാലങ്ങളാണ് സൃഷ്ടിക്കാന്‍ ആഗ്രഹിച്ചതെന്നും സര്‍വ്വീസ് നയിച്ച കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റെ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി, വില്ല്യം രാജകുമാരന്‍ തുടങ്ങിയ 20,000 പേരാണ് അന്തിമയാത്രയില്‍ ദുഃഖം രേഖപ്പെടുത്താനായി എത്തിയിരിക്കുന്നത്. റോമിലെ സാന്റാ മരിയ മാഗിയോര്‍ ചര്‍ച്ചിലേക്ക് പ്രദ്യക്ഷണമായാണ് ഭൗതീകശരീരം എത്തിക്കുന്നത്.
ടൈബര്‍ നദിക്ക് കുറുകെ 6 കിലോമീറ്റര്‍ ദൂരമുള്ളതാണ് യാത്ര. തെരുവുകളില്‍ കെട്ടിത്തിരിച്ച ബാരിയറുകള്‍ക്ക് അപ്പുറത്ത് നിന്നും അനുഗമിക്കാനാണ് പൊതുജനങ്ങള്‍ക്ക് സാധിക്കുക. പള്ളിക്ക് അകത്തെ കല്ലറയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെങ്കിലും ജനക്കൂട്ടം ഇവിടെ വന്‍തോതില്‍ ഒഴുകിയെത്തുന്നുണ്ട്.
മൂന്ന് ദിവസത്തെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഔദ്യോഗികമായി ശവപേടകം അടച്ചത്. ഏകദേശം 250,000-ഓളം വിശ്വാസികള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി വത്തിക്കാനില്‍ എത്തിയിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സര്‍വ്വീസുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രദ്യക്ഷണമായി കൊണ്ടുപോകുന്നത്.