രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തലേദിവസമാണ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയതെന്ന് ഗായിക മൃദുല വാര്യര്‍. ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ വന്നു പോകുന്ന ടൂറിസ്റ്റ് സ്ഥാലങ്ങളാണ് എബിസി വാലി. അവിടത്തെ കശ്മീരികള്‍ വളരെ നിഷ്‌കളങ്കരായ ആളുകളാണെന്നും അവിടെ തങ്ങള്‍ കണ്ടവരൊന്നും ഭീകരര്‍ അല്ലെന്നും മൃദുല പ്രതികരിച്ചു.
'വളരെ ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്. സംഭവം നടന്ന തലേദിവസമാണ് പഹല്‍ഗാമില്‍ നിന്നും ഞങ്ങള്‍ നാട്ടിലെത്തിയത്. പഹല്‍ഗാമില്‍ പോയിരുന്നു പക്ഷെ ആക്രമണം നടന്ന സ്ഥലത്ത് പോയിരുന്നില്ല. എബിസി വാലി എന്ന് പറയുന്നിടത്ത് മൂന്ന് വാലികളാണ് ഉള്ളത്. വളരെ ഭംഗിയുള്ള സ്ഥലങ്ങളാണ്. വേണുഗോപാല്‍ സാര്‍ അവിടെ പോയിരുന്നു എന്ന് അറിയുന്നത് രണ്ട് ദിവസം മുന്നേയാണ്. അവര്‍ക്കൊപ്പമല്ല ഞങ്ങള്‍ ഉണ്ടായിരുന്നത്. അവിടെവെച്ച് കണ്ടിട്ടുമില്ല.
അവിടെ ഓരോ സ്ഥലത്തും ലക്ഷക്കണക്കിന് ആളുകളാണ് വന്നു പോകുന്നത്. അവിടെത്തെ കശ്മീരികള്‍ വളരെ നിഷ്‌കളങ്കരായ ആളുകളാണ്. കച്ചവടക്കാര്‍ക്കിടയില്‍ ചെറിയ തട്ടിപ്പുകള്‍ ഉണ്ട് പക്ഷെ എന്നാലും അവിടെ ഉള്ളവരാരും ഭീകരര്‍ ഒന്നും അല്ല, വളരെ പാവങ്ങള്‍ ആണ്. കശ്മീരിലേക്ക് യാത്ര പോകാന്‍ തീരുമാനിക്കുമ്പോള്‍ അവിടെ പണ്ട് ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ എല്ലാം ശാന്തമാണ് എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഒരുപാട് പേര് പോയി സുരക്ഷിതമായി വരുന്നുമുണ്ട്. തിരിച്ചെത്തിയ ദിവസം ഇത്രയും വലിയൊരു ആക്രമണം നടന്നു എന്നത് വിശ്വസിക്കാന്‍ ആയില്ല, ഞെട്ടല്‍ മാറിയിട്ടില്ല,' മൃദുല പറഞ്ഞു.