പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന തിരിച്ചടികളില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്നായിരുന്നു നടന്റെ പ്രതികരണം. കൊല്ലം കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കപ്പെടാന്‍ പ്രാര്‍ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രോത്സവത്തില്‍ സംസാരിച്ചുകൊണ്ടിരിക്കവേ നടനോട് കാണികളില്‍ ഒരാള്‍ ആട് എന്ന ചിത്രത്തിലെ ഡയലോഗ് പറയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വിഷയത്തെക്കുറിച്ച് നടന്‍ പരാമര്‍ശം നടത്തിയത്.
'ആട് സിനിമയില്‍ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്തു തൊട്ടാല്‍ പിന്നെ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. അത് പോലെ ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും.അതുപോലെയാണ് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കാരണം അങ്ങനെ വലിയൊരു ഇന്ത്യ- പാകിസ്താന്‍ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും അതൊക്കെ ഉടന്‍ തന്നെ പരിഹരിക്കപ്പെടാന്‍ നമുക്കും പ്രാര്‍ഥിക്കാം,' എന്ന് ജയസൂര്യ പറഞ്ഞു.