CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 16 Minutes 58 Seconds Ago
Breaking Now

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ഇന്ന് പദവിയേല്‍ക്കും

കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി തുടരും.

പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വെച്ച് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറും. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ കരുണാകരന്റെയും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം നിയുക്ത അധ്യക്ഷന്‍ സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്. പകരമാണ് പുതിയ നേതൃത്വം. കെപിസിസി നേതൃമാറ്റത്തെ സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. നിലവിലെ പ്രസിഡന്റ് കെ സുധാകരന്‍ താന്‍ മാറില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും മറ്റും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് അഭിപ്രായങ്ങള്‍ തേടിയിരുന്നു. നേതൃമാറ്റത്തിനെതിരെ കെ സുധാകരന്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്ന സാഹചര്യത്തിലേക്ക് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ നിര്‍ണായക ഇടപെടല്‍ ഉണ്ടായത്.

തന്നെ മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോള്‍ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുമുണ്ടായിരുന്നു. സുധാകരന്‍ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരന്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്നും ഹൈക്കമാന്റ് വിലയിരുത്തിയിരുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ സുധാകരനെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു കെ സുധാകരന്റെ വാദം. കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി തുടരും.

 




കൂടുതല്‍വാര്‍ത്തകള്‍.