ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തല്‍ താനാണ് നിര്‍വഹിച്ചതെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ്. ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയും വ്യാപാര കരാറുകള്‍ കാണിച്ചുമാണ് കരാര്‍ ഉണ്ടാക്കിയതെന്ന അവകാശവാദം ഇന്ത്യയ്ക്ക് നാണക്കേടാണ്.
കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടലിനെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാറിന്റെ ഉന്നതതലങ്ങളില്‍നിന്ന് വ്യക്തമായ വിശദീകരണം ആവശ്യമാണെന്നും സച്ചിന്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇത്രയും നേരിട്ടുള്ള ഇടപെടല്‍ ഉണ്ടെന്ന് യു.എസ് പോലുള്ള ഒരു രാജ്യം അവകാശപ്പെടുന്നത് ഇതാദ്യമാണ്. എന്നിട്ടും നമ്മുടെ നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ മൗനം വളരെയധികം അസ്വസ്ഥത ഉളവാക്കുന്നു. ഉസാമ ബിന്‍ ലാദന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്ക് നിരന്തരം അഭയം നല്‍കിയിട്ടുള്ള ഒരു രാജ്യത്തെ എങ്ങനെ വിശ്വസിക്കാന്‍ കഴിയും. പാകിസ്താന്റെ ചരിത്രംതന്നെ അതിന് തെളിവാണ്. ഭീകരതയുടെ സ്പോണ്‍സറാണെന്ന വസ്തുത ആഗോളതലത്തില്‍ തുറന്നുകാട്ടണമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്ത്യ യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ചുങ്കം പൂര്‍ണമായും എടുത്തു കളയാമെന്ന് ഇന്ത്യ ഗവണ്‍മെന്റ് സമ്മതിച്ചതായാണ് ട്രംപിന്റെ പ്രസ്താവന. ഖത്തറില്‍ ഉന്നത ബിസിനസ് മേധാവികളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ട്രംപിന്റെ അവകാശവാദം.
എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടിരുന്നതായും ഇരു രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കശ്മീരില്‍ വെടിനിര്‍ത്തല്‍ ഉണ്ടായതെന്നും അറിയിച്ച് ട്രംപ് നടത്തിയ പ്രസ്താവന കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യത്തിലും ട്രംപ് തന്റെ അനിഷ്ടം തുറന്നുപറഞ്ഞു. ആപ്പിള്‍ സിഇഒ ടിം കുക്കുമായി താന്‍ സംസാരിച്ചെന്നും യുഎസില്‍ നിന്നുള്ള ഉത്പാദനം കൂട്ടാമെന്ന് സമ്മതിച്ചതായും ദോഹയില്‍ നടന്ന പരിപാടിക്കിടെ ട്രംപ് പറഞ്ഞു.