ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ ആറു കൊടുംഭീകരരെ വധിച്ച് സൈന്യം. ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് രണ്ടു ദിവസത്തിനിടെ വധിച്ചത്. ചൊവ്വാഴ്ച ഓപ്പറേഷന്‍ കെല്ലര്‍ ദൗത്യത്തില്‍ ലഷ്‌കറെ തൊയ്ബ പ്രധാന കമാന്‍ഡറെയടക്കം സൈന്യം വധിച്ചു. വ്യാഴാഴ്ച ഓപ്പറേഷന്‍ നാദര്‍ ദൗത്യത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തി.
ലഷ്‌കര്‍ കമാന്‍ഡര്‍ ഷാഹിദ് കുട്ടെ, അദ്നാന്‍ ഷാഫി, മറ്റൊരാള്‍ എന്നിവരെയാണ് ഓപ്പറേഷന്‍ കെല്ലറിലൂടെ വധിച്ചത്. ലഷ്‌കര്‍ അനുബന്ധ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറാണ് ഷാഹിദ് കുട്ടെ. ഷോപ്പിയാനിലെ ചോട്ടിപോറ ഹീര്‍പോര പ്രദേശത്തെ താമസക്കാരനായ കുട്ടെ 2023ലാണ് ഭീകരസംഘടനയില്‍ ചേര്‍ന്നത്.
ഓപ്പറേഷന്‍ നാദര്‍ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു വ്യാഴാഴ്ചത്തെ തിരച്ചില്‍. തിരച്ചില്‍ തുടങ്ങിയതോടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിവെച്ചു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്നുപേരെയും വധിച്ചത്. ഇതില്‍ ആസിഫ് ഷെയ്ക്ക് പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായം നല്‍കിയിരുന്നു. ഇയാളുടെയും ഷാഹിദ് കുട്ടെയുടെയും വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു.
എകെ സീരീസ് റൈഫിളുകള്‍, 12 മാഗസിനുകള്‍, മൂന്ന് ഗ്രനേഡുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഭീകരരില്‍ നിന്ന് കണ്ടെടുത്തു. അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആദില്‍ തോക്കര്‍, അലി ഭായ്, ഹാഷീം മൂസ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.