ടൗണ്‍ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടറുടെ വസതിയില്‍ നിന്ന് 32 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തി. ഇ.ഡി നടത്തിയ റെയ്ഡില്‍ 8.6 കോടി രൂപയും 23.25 കോടി രൂപയുടെ സ്വര്‍ണ, വജ്രാഭരണങ്ങളും പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ വസായ് - വിരാര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (വിവിഎംസി) ടൗണ്‍ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടര്‍ യുമിഗാനു ശിവ റെഡ്ഡിയുടെ (വൈ എസ് റെഡ്ഡി) വീട്ടിലായിരുന്നു റെയ്ഡ്.
വൈ എസ് റെഡ്ഡിയുടെ നളസൊപ്പാരയിലെ വസതിയിലും മുനിസിപ്പല്‍ ഓഫീസിലും ഹൈദരാബാദിലെ ഹഫീസ്പേട്ടിലുള്ള കുടുംബത്തിന്റെ വസതികളിലുമായിരുന്നു റെയ്ഡ്. 2009 മുതല്‍ വസായ് വിരാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (വിവിഎംസി) സര്‍ക്കാര്‍, സ്വകാര്യ ഭൂമികളില്‍ അനധികൃതമായി പാര്‍പ്പിട, വാണിജ്യ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുവെന്നാണ് കേസ്. ബുധനാഴ്ച ആരംഭിച്ച് വ്യാഴാഴ്ചയാണ് റെയ്ഡ് അവസാനിച്ചത്.
മലിനജല സംസ്‌കരണ പ്ലാന്റിനായി നീക്കിവച്ചിരുന്ന സ്ഥലത്ത് 41 അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. 2009 മുതല്‍ വിവിഎംസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രദേശത്ത് വന്‍ തോതിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയതായി കണ്ടെത്തി. ഡെവലപ്പര്‍മാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് പൊതുജനങ്ങളെ വഞ്ചിച്ചു. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുമെന്നറിഞ്ഞ ശേഷവും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവ വിറ്റെന്നും ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ജൂലൈ 8 ന് 41 കെട്ടിടങ്ങളും പൊളിച്ചുമാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവില്‍ സുപ്രീംകോടതി ഒരു ഇളവും നല്‍കിയിരുന്നില്ല.
മീര ഭയാന്ദര്‍ പൊലീസ് കമ്മീഷണറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്.