യുഎസ്-ചൈന വ്യാപാര ബന്ധത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതിന് പിന്നാലെ ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന പ്രതീക്ഷകള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വക ഇരുട്ടടി. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ യുഎസില്‍ തന്നെ നിര്‍മ്മിക്കണമെന്നാണ് ട്രംപിന്റെ പുതിയ നിര്‍ദ്ദേശം.യുഎസ് ചൈനയ്ക്ക് മേല്‍ പ്രഖ്യാപിച്ച ഇറക്കുമതി തീരുവയ്ക്ക് പിന്നാലെ ചൈനയും അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ ആപ്പിള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കമ്പനികളില്‍ ഇന്ത്യയില്‍ വലിയ നിക്ഷേപം നടത്തുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നിര്‍ദ്ദേശം. യുഎസില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ നിര്‍മ്മിക്കേണ്ടതില്ല. അവ യുഎസില്‍ തന്നെ നിര്‍മ്മിക്കണം. അല്ലാത്തപക്ഷം കുറഞ്ഞത് 25 ശതമാനം തീരുവ ആപ്പിള്‍ നല്‍കേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ രാജ്യത്തെ നിര്‍മാണശാലകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12 മാസത്തിനുള്ളില്‍ 22 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്ഫോണുകളാണ് ഉത്പാദിപ്പിച്ചത്.
ആപ്പിള്‍ ഇന്ത്യയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണ്‍ നിര്‍മാണം 60 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ യുഎസ് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശത്തോട് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.