എയ്ല്‍സ്ഫോര്‍ഡ്: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ചതിലൂടെ വിഖ്യാതമായ എയില്‍സ്ഫോര്‍ഡിലേക്ക് ഗ്രേറ്റ് ബ്രിട്ടണ് രൂപത ക്രമീകരിക്കുന്ന മരിയന്‍ തീര്‍ത്ഥാടനം നാളെ, ശനിയാഴ്ച മെയ് 31ന് നടക്കും. കര്‍മല നാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്കുന്ന തീര്‍ത്ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ അണിചേരും. ഇത് എട്ടാം തവണയാണ് രൂപതയുടെ ആഭിമുഖ്യത്തില്‍ എയില്‍സ്ഫോര്‍ഡിലേക്ക് തീര്‍ത്ഥാടനം നടത്തുന്നത്.
രൂപതയുടെ ലണ്ടന്‍, കാന്റര്‍ബറി റീജിയനുകളും, എയ്ല്‍സ്ഫോര്‍ഡ് ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ മിഷനുമാണ് തീര്‍ത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്. മെയ് 31 രാവിലെ 11 ന് കൊടിയേറ്റ്, നേര്‍ച്ച സ്വീകരണം, 11.15ന് ജപമാല പ്രദക്ഷിണം, 1.15ന് പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. 1.30 നാണ് ആഘോഷമായ വിശുദ്ധകുര്‍ബാന. തുടര്‍ന്ന് 3.30ന് ലദീഞ്, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 4.30 ന് സമാപനാശീര്‍വാദം, ഫ്ളോസ് കാര്‍മലി പ്രദക്ഷിണം, 5 .00 മണിക്ക് സ്നേഹവിരുന്ന്.
തീര്‍ത്ഥാടനത്തോടനുബന്ധിച്ചു തിരുനാള്‍ പ്രസുദേന്തിയാകുന്നതിനും നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീര്‍ത്ഥാടകര്‍ക്കായി കാറുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് വിശാലമായ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമന്‍സ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തില്‍ മിതമായ നിരക്കില്‍ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
കര്‍മലീത്താ സഭയുടെ പ്രിയോര്‍ ജനറലായിരുന്ന വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് 1251 ജൂലൈ 16 ണ് ആണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്‍കിയത്. വെന്തിങ്ങ ധരിക്കുന്നവരെ രോഗപീഡ, ആപത്തുകള്‍ എന്നിവയില്‍നിന്ന് പ്രത്യേകമായി സംരക്ഷിക്കുമെന്ന വാഗ്ദാനം നല്കപ്പെട്ടതും ഇവിടെ വെച്ചുതന്നെ. ഉത്തരീയ ഭക്തിയുടെ ആരംഭവും ഇവിടെ നിന്നുതന്നെയായിരുന്നു.
കര്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിലേക്കും തിരുക്കര്‍മങ്ങളിലേക്കും ഏവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി പില്‍ഗ്രിമേജ് കോര്‍ഡിനേറ്റര്‍ ഫാ. ഷിനോജ് കളരിക്കല്‍ അറിയിച്ചു.
പ്രസുദേന്തി ആകുവാന്‍ താല്പര്യം ഉള്ളവര്‍ താഴെകാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
https://forms.gle/wJxzScXoNs6se7Wb6
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കല്‍ - 07920690343
Address of the Venue: The Friars, Aylesford, Kent, ME20 7BX
വാര്‍ത്ത: ബിനു ജോര്‍ജ്