കണ്ണൂരില്‍ പുഴയില്‍ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭര്‍ത്താവ് കമല്‍രാജും ഭര്‍ത്താവിന്റെ അമ്മ പ്രേമയുമാണെന്ന് കുറിപ്പില്‍ പറയുന്നു. അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും ഇറക്കിവിട്ടു. കുട്ടിക്ക് വേണ്ടി തന്നോട് ചാകാന്‍ പറഞ്ഞുവെന്നും ഭര്‍ത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും റീമ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
നാട്ടിലെ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ല. ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പില്‍ പറയുന്നുണ്ട്. റീമയുടെ കുഞ്ഞിന്റെ സംസ്‌കാരം ഇന്നലെ നടന്നിരുന്നു. കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് പുഴയിലാണ് റീമയും കുഞ്ഞും ചാടിമരിച്ചത്. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
കഴിഞ്ഞ ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയില്‍ ചാടിയത്. നീണ്ട തെരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്‌കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ എത്തിയത്. തുടര്‍ന്ന് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.