യൂത്ത് കോണ്‍ഗ്രസിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍.വിമര്‍ശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന് പറഞ്ഞ പി ജെ കുര്യന്‍ നേതാക്കള്‍ ഇങ്ങനെ നിലപാടെടുത്താല്‍ പാര്‍ട്ടിയുടെ സ്ഥിതി എന്താകുമെന്നും ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി ജെ കുര്യന്റെ പ്രതികരണം.
താന്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് നിലപാട് മാറ്റിയെന്നും പി ജെ കുര്യന്‍ വിമര്‍ശനം ഉന്നയിച്ചു. സദുദ്ദേശപരമെന്നും കാണാന്‍ സൗകര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ എടുത്താല്‍ പാര്‍ട്ടിയുടെ സ്ഥിതി എന്താകുമെന്ന് ഓര്‍ക്കണം. എസ്എഫ്‌ഐയെ പുകഴ്ത്തി എന്ന തെറ്റായ നറേറ്റീവ് ഉണ്ടാക്കി തന്നെ സൈബര്‍ അധിക്ഷേപം നടത്തിയെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ പി ജെ കുര്യനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിനെ എസ്എഫ്ഐയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ഏതെങ്കിലും ഒരുനേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. സംഘടനാബോധ്യത്തിന്റെ അടിസ്ഥാനത്തിലും ഈ നാട്ടിലെ പൊതുസമൂഹത്തിന് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് എല്ലാം തികഞ്ഞുനില്‍ക്കുകയാണെന്ന അഭിപ്രായമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
''''എസ്എഫ്‌ഐ യെ പുകഴ്ത്തല്‍'' ആരോടും പകയില്ലാതെ
SFI യെ പുകഴ്ത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിലെ ചിലര്‍ നടത്തിയ സൈബര്‍ അറ്റാക്ക് കെട്ടടങ്ങിയല്ലോ? എന്റെ പത്തനംതിട്ട പ്രസംഗത്തില്‍ ഞാന്‍ SFI യെ പുകഴ്ത്തുന്ന ഒരു വാക്കും പറഞ്ഞിട്ടില്ല. ആ പ്രസംഗം പരിശോധിക്കുന്നവര്‍ക്ക് അതു മനസ്സിലാക്കാവുന്നതാണ്.
ഞാന്‍ പ്രസംഗിച്ച സമയത്ത് എല്ലാ ചാനലുകളും അവിടെയുണ്ട്. പുകഴ്ത്തലാണെങ്കില്‍ മാധ്യങ്ങള്‍ അടുത്ത ദിവസം അത് ഉപയോഗിക്കുമായിരുന്നു. പല മണ്ഡലങ്ങളിലും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഇല്ലായെന്നും, കമ്മിറ്റികള്‍ ഉണ്ടാക്കാന്‍ നടപടി, നേതൃത്വം സ്വീകരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഇതേ അഭിപ്രായം ഞാന്‍ പാര്‍ട്ടിയുടെ പല വേദികളിലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ശ്രീ. രാഹുല്‍ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ഡല്‍ഹി യില്‍ നടന്ന എംപി മാരുടെ യോഗത്തിലും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ശ്രീ എ കെ ആന്റണിയും പങ്കെടുത്ത ആ യോഗത്തില്‍ ശ്രീ കെ സുധാകരന്‍ എം പി യും എന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു.
പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ യോഗത്തിന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ എസ്എഫ്‌ഐ യെ പുകഴ്ത്തിയെന്ന് ഒരു തെറ്റായ narrative ഉണ്ടാക്കി സൈബര്‍ അറ്റാക്ക് നടത്തി. പത്രങ്ങളും ചാനലുകളും പരിഗണിക്കാതിരുന്ന കാര്യം ഏറ്റെടുത്തു ആഘോഷിച്ചതിന്റെ benefit ആര്‍ക്കാണ്?.
സിപിഎം ജനറല്‍ സെക്രട്ടറി ശ്രീ.എം.വി ഗോവിന്ദനും മന്ത്രി ശ്രീ. സജി ചെറിയാനും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എസ്എഫ്‌ഐ യെ പുകഴ്ത്തിയെന്ന് പ്രസ്താവിച്ചു. അങ്ങനെ പറയുവാനുള്ള material ആരാണ് അവര്‍ക്ക് കൊടുത്തത്. ഞാന്‍ എസ്എഫ്‌ഐ യെ പുകഴ്ത്തിയെന്ന
തെറ്റായ narrative പ്രചരിപ്പിച്ചവര്‍ക്കും ആഘോഷിച്ചവര്‍ക്കുമല്ലേ അതിന്റെ ഉത്തവാദിത്വം.
എന്റെ വിമര്‍ശനങ്ങളെ അവഗണിക്കുവാനും എതിര്‍ക്കുവാനും ആര്‍ക്കും അവകാശം ഉണ്ട്. പക്ഷേ ദുരുദ്ദേശപരമാണ് എന്നാരോപിക്കുന്നത് ശരിയാണോ? അങ്ങനെ യൊരു ദുരുദ്ദേശപരമായ വിമര്‍ശനം നടത്തേണ്ട ആവശ്യം എനിക്കെന്താണ്? ഇപ്പോഴും സ്ഥാനമാനങ്ങള്‍ മോഹിക്കാതെ കോണ്‍ഗ്രസില്‍ അടിയുറച്ചു നില്‍ക്കുന്ന എന്നെ എന്തിന് അധിക്ഷേപിക്കണം. വിമര്‍ശങ്ങളോട് പാര്‍ട്ടി നേതൃത്വം എങ്ങനെയാണ് പ്രതികരിച്ചതെന്ന് എന്റെ ചില അനുഭവങ്ങള്‍ കുറിക്കട്ടെ.
1972 ല്‍ കെ.പി.സി.സി മെമ്പര്‍ ആയ ഞാന്‍ പാര്‍ട്ടി നേതാക്കന്മാരെ വിമര്‍ശിക്കുന്നതും അവര്‍ അത് ഉള്‍ക്കൊള്ളുന്നതും കണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നത്.
ശ്രീ.എ കെ ആന്റണി കെ.പി.സി.സി പ്രസിഡന്റും ശ്രീ കെ കരുണാകരന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കാലത്ത് എറണാകുളം മാസ് ഹോട്ടലില്‍ നടന്ന കെ പി സി സി യോഗത്തില്‍ ശ്രീ. ഫെര്‍ണാണ്ടസ് എന്നു പേരുള്ള ഒരു കെ പി സി സി മെമ്പര്‍ ശ്രീ. കരുണാകരനെ നഖശിഖാന്തം വിമര്‍ശി ക്കുന്നത് ഞാന്‍ കണ്ടു. ശ്രീ. കെ.കരുണാകരന്‍ ആ വിമര്‍ശനം ഉള്‍ക്കൊണ്ട് മറുപടി പറഞ്ഞു എന്നു മാത്രമല്ല യോഗം കഴിഞ്ഞപ്പോള്‍ ശ്രീ കരുണാകരനും ശ്രീഫെര്‍ണാണ്ടസും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഞാന്‍ കണ്ടത്.
1978 മുഖ്യമന്ത്രിയായിരുന്ന ശ്രീ.എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിനു ശേഷം നെയ്യാര്‍ ഡാമില്‍ നടന്ന കെ.പി.സി. സി യോഗത്തില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ രാജി വച്ചതിനു ഞാന്‍ അദ്ദേഹത്തെ ശക്തമായി വിമര്‍ശിച്ചു. ശ്രീ എ.കെ ആന്റണി എനിക്കെതിരെ ഒരക്ഷരവും പറഞ്ഞില്ല എന്നു മാത്രമല്ല അതിനു ശേഷം എന്നോട് കൂടുതല്‍ സ്‌നേഹം കാണിക്കുകയാണ് ചെയ്തത്.
ഗുവാഹത്തി AICC സമ്മേളനത്തില്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുഖത്ത് നോക്കി അടിയന്തിരാവസ്ഥ തുടരുന്നത് തെറ്റാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ്സില്‍ കൂടി വളര്‍ന്നു വന്ന ശ്രീ എ കെ ആന്റണിയാണ്. ഇന്ദിരാ ഗാന്ധി എ.കെ ആന്റണി യെ വിമര്‍ശിച്ചില്ല മറിച്ച് വിമര്‍ശനങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് അടിയന്തിരാവസ്ഥ പിന്‍ വലിച്ചു.
ശ്രീ.രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരുന്നപ്പോളുള്ള എന്റെ ഒരു അനുഭവം പറയട്ടെ. 1988 ശ്രീ. വി പി സിങ്ങിനെ പുറത്താക്കണമെന്ന അജണ്ട കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്ററി പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവിലെ ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു ഞാന്‍. എക്‌സിക്യൂട്ടീവിലെ 27 ല്‍ 25 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഞാനും ഗുജറാത്തില്‍ നിന്നുള്ള ശ്രീ മേത്തയും പ്രമേയത്തെ എതിര്‍ത്തു. ശ്രീ. വി. പി സിങ്ങിനെ പുറത്താക്കാന്‍ പാടില്ലെന്നും അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ഞാന്‍ വാദിച്ചു. എന്റെ പേരില്‍ അച്ചടക്ക നടപടി എടുക്കുമെന്നും പല എം പി മാരും പറഞ്ഞു. ഒന്നും ഉണ്ടായില്ല. പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് ശ്രീ. വി പി സിംഗ് പ്രധാന മന്ത്രിയായി ശ്രീ.രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവുമായി. എന്നെ ക്കാളും സീനിയറും പ്രഗത്ഭരുമായ നിരവധി എം പി മാര്‍ ഉണ്ടായിട്ടും ജൂനിയര്‍ എം പി യായ എന്നെ പാര്‍ട്ടിയുടെ ചീഫ് വിപ്പ് ആയി ശ്രീ.രാജീവ് ഗാന്ധി നിയമിച്ചു. ഇതായിരുന്നു സത്യസന്ധമായ വിമര്‍ശനത്തോടുള്ള ശ്രീ. രാജീവ് ഗാന്ധിയുടെ സമീപനം. ( ഈ സംഭവം ഡി സി ബുക്ക്സ് പബ്ലിഷ് ചെയ്ത പി ജെ കുര്യന്‍ അനുഭവങ്ങള്‍ എന്ന പുസ്തകത്തില്‍ മുന്‍ മന്ത്രി ശ്രീ. ഗുലാബ് നബി ആസാദും, മുന്‍ ലോക് സഭ സെക്രട്ടറി ജനറല്‍ ശ്രീ.പി. ഡി. റ്റി. ആചാരിയും അവരുടെ ലേഖനങ്ങളില്‍ വിവരിച്ചിട്ടുണ്ട് ).
വിമര്‍ശനങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് എന്റെ അഭിപ്രായം. വിമര്‍ശനങ്ങളെ സദുദ്ദേശത്തോടെ കാണുകയും വിയോജിപ്പ് തുറന്നു പറയുകയും ചെയ്യാം. പക്ഷേ വിമര്‍ശകരെ ആക്ഷേപിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഞാന്‍ പ്രസംഗിച്ച യോഗത്തില്‍ എന്റെ പ്രസംഗത്തോട് പോസിറ്റീവ് ആയി പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പിന്നീട് എന്റെ വിമര്‍ശനത്തെ സദുദ്ദേശപരമായി കാണാന്‍ ''സൗകര്യം'' ഇല്ല എന്നു പറഞ്ഞു. ഇങ്ങനെ നേതാക്കള്‍ നിലപാടെടുത്താല്‍ ഈ പാര്‍ട്ടിയുടെ സ്ഥിതി എന്താകും. Voltair എന്ന മഹാന്‍ പറഞ്ഞിട്ടുണ്ട്. 'I will oppose your view but till death I will fight for your right to express your view'. ഇതാണ് ജനാധിപത്യത്തിന്റെ അന്ത:സത്ത.