പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാതെ മകനും മരുമകളും വാതില്‍ പൂട്ടി പോയതോടെ അരിമ്പൂര്‍ കൈപ്പിള്ളി പ്ലാക്കന്‍ തോമസിന്റെ (80) മൃതദേഹം വീടിന് പുറത്തുവയ്‌ക്കേണ്ടിവന്നു.തന്റെ ഭര്‍ത്താവിനെ അവസാനമായി കാണാന്‍ അനാഥാലയത്തില്‍ നിന്നെത്തിയ ഭാര്യ റോസിലി വീടിന് പുറത്ത് തോമസിന്റെ മൃതദേഹത്തിനരികിലിരുന്ന് കണ്ണീരൊഴുക്കി. മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകാതെയാണ് എട്ടുമാസം മുന്‍പ് തോമസും റോസിലിയും വീടുവിട്ട് വ്യത്യസ്ത സ്ഥാപനങ്ങളില്‍ അന്തേവാസികളായത്. വീട്ടില്‍ നില്‍ക്കനാകില്ലെന്നും മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും കാണിച്ച് ഇവര്‍ അന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തോമസ് മണലൂര്‍ സാന്‍ജോസ് കെയര്‍ഹോമിലും റോസിലി കാരമുക്ക് കൃപാസദനത്തിലുമായിരുന്നു താമസം.
പനി ബാധിച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കെയര്‍ഹോമില്‍ വച്ചായിരുന്നു തോമസ് മരിച്ചത്. സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയില്‍ സംസ്‌കാരം നടത്താനായിട്ടാണ് രാവിലെ മൃതദേഹം വീട്ടിലെത്തിച്ചത്. എന്നാല്‍ പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാന്‍ അനുവദിക്കാതെ വീടും പൂട്ടി മകന്‍ ജെയ്‌സനും മരുമകള്‍ റിന്‍സിയും വീടുപൂട്ടി പോകുകയായിരുന്നു.
മകനോട് തിരിച്ചുവന്ന് മൃതദേഹം വീട്ടില്‍ കയറ്റാന്‍ ബന്ധുക്കളും നാട്ടുകാരും പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. പിന്നീട് പഞ്ചായത്ത് അധികൃതരും പോലീസും ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പുറത്താക്കിയ വീട്ടിലേക്ക് കയറണ്ടെന്ന് റോസിലി തീരുമാനിച്ചതോടെ തോമസിന്റഎ മൃതദേഹം വീട്ടുമുറ്റത്തു കിടത്തുകയായിരുന്നു. വൈകിട്ട് എറവ് സെന്റ് തെരേസാസ് കപ്പല്‍ പള്ളിയില്‍ അടക്കം ചെയ്യുന്നവരെ മകളും മരുമകനും തിരികെ വന്നില്ല. വീട് അടഞ്ഞു തന്നെ കിടന്നു. ജോയ്‌സി ആണ് മറ്റൊരു മകള്‍. മരുമകന്‍: വിന്‍സന്‍