നികുതിവര്‍ദ്ധിപ്പിക്കുക. ഇത് മാത്രമാണ് ലേബര്‍ ഗവണ്‍മെന്റിന് ഇപ്പോഴുള്ള ചിന്ത. എങ്ങനെയും ജനങ്ങളെ പിഴിഞ്ഞെടുത്ത് അവര്‍ക്കുള്ള സേവനങ്ങള്‍ക്കായി പണം മുടക്കുക. കൊവിഡ് മഹാമാരിയെ അതിജീവിച്ച മുന്‍ ടോറി ഗവണ്‍മെന്റിനെ കുറ്റം പറഞ്ഞ് അധികാരത്തിലെത്തിയ ലേബര്‍ ഗവണ്‍മെന്റ് സാമ്പത്തിക വെല്ലുവിളികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
എന്നാല്‍ ഇതിന്റെ പ്രത്യാഘാതവും ചുമക്കേണ്ടി വരുന്നത് പാവം ജനം തന്നെ. അടുത്ത ബജറ്റില്‍ നികുതി വര്‍ദ്ധന ഒഴിവാക്കുമോയെന്ന് വ്യക്തമാക്കാതെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇപ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് പോലും ഒരു ദുഃസൂചനയാണ്. വരുന്ന ഓട്ടം സീസണ്‍ ബജറ്റില്‍ ചാന്‍സലര്‍ വീണ്ടും 'ആ' സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
പൊതുഖജനാവില്‍ 50 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മിയാണ് ലേബര്‍ ഗവണ്‍മെന്റ് ഉറ്റുനോക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഈ വാദം തള്ളാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. എന്നിരുന്നാലും ഇന്‍കം ടാക്‌സ് മുതല്‍ വാറ്റും, കോര്‍പറേഷന്‍ ടാക്‌സും വരെ വര്‍ദ്ധിപ്പിക്കാതെ ഇരിക്കുമോയെന്ന ചോദ്യത്തിന് ഇത് അപ്പാടെ തള്ളാന്‍ കഴിയാത്ത നിലയിലാണ് സ്റ്റാര്‍മര്‍.
ജനങ്ങളുടെ ജീവിത നിലവാരത്തിലാണ് റീവ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വാദം. എന്നാല്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ക്കാണ് കളമൊരുങ്ങുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസേര്‍ച്ച് മുന്നറിയിപ്പ് നല്‍കി.