രണ്ട് റൗണ്ട് വോട്ടെടുത്തു. അതിന് ശേഷമാണ് അവര്‍ക്ക് ആ തീരുമാനത്തിലേക്ക് എത്താന്‍ സാധിച്ചത്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ കൈവിട്ട് നില്‍ക്കുകയും, പണപ്പെരുപ്പം കുതിക്കുകയും ചെയ്യുമ്പോള്‍ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിന്നത്. അതുകൊണ്ട് തന്നെ രണ്ട് റൗണ്ട് വോട്ടെടുത്ത ശേഷമാണ് 5-4ന് പലിശ കുറയ്ക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്.
രണ്ട് വര്‍ഷത്തെ താഴ്ന്ന നിരക്കായ 4 ശതമാനത്തിലേക്കാണ് പലിശ നിരക്ക് താഴ്ത്തിയിരിക്കുന്നത്. കടമെടുപ്പ് ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നടപടി മോര്‍ട്ട്‌ഗേജുകാര്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കും. 4.2 ശതമാനത്തില്‍ നിന്നുമാണ് അഞ്ചാമത്തെ നിരക്ക് കുറയ്ക്കലിന് കേന്ദ്ര ബാങ്ക് തയ്യാറായത്.
പലിശ നിരക്ക് കുറയ്ക്കാന്‍ രണ്ട് തവണ വോട്ട് ചെയ്യേണ്ടി വന്നത് അസാധാരണ സംഭവമായി. അതില്‍ നിന്ന് തന്നെ രാജ്യം നേരിടുന്ന അനിശ്ചിതാവസ്ഥ വ്യക്തമാണ്. പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ഉയരുന്ന വിലക്കയറ്റമാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. എന്നിരുന്നാലും നിരക്ക് താഴുന്നത് തുടരുമെന്നാണ് ബാങ്ക് ഗവര്‍ണര്‍ പ്രതികരിക്കുന്നത്.
പണപ്പെരുപ്പം സെപ്റ്റംബറില്‍ 4 ശതമാനത്തിലേക്ക് എത്തുമെന്നാണ് ബാങ്കിന്റെ മോണിറ്ററി പോളിസി റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ബാങ്ക് ലക്ഷ്യമിടുന്ന നിരക്കിന്റെ ഇരട്ടിയാണ് ഇത്. സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിക്കാന്‍ ബുദ്ധിമുട്ടുകയും, തൊഴില്‍ വിപണി ആശങ്കയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് തലനാരിഴ വ്യത്യാസത്തില്‍ പലിശ കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.