അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഫീസില്‍ നിന്നും ലെവി ഈടാക്കാനുള്ള ഗവണ്‍മെന്റ് നിര്‍ദ്ദേശം യൂണിവേഴ്‌സിറ്റികള്‍ക്ക് തന്നെ പാരയായി മാറുമെന്ന് മുന്നറിയിപ്പ്. ഈ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ വര്‍ഷത്തില്‍ 600 മില്ല്യണ്‍ പൗണ്ടിലേറെ നഷ്ടം വരുത്തുമെന്നാണ് പഠനം കണ്ടെത്തിയത്.
വിദേശ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസില്‍ 6% സര്‍ചാര്‍ജ്ജ് ഉള്‍പ്പെടുത്താനാണ് ഹോം ഓഫീസ് പ്രസിദ്ധീകരിച്ച ധവളപത്രത്തില്‍ നിര്‍ദ്ദേശമുള്ളത്. എന്നാല്‍ ഇത് ബ്രിട്ടനിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെ പ്രമുഖ യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തില്‍ ആഘാതം സൃഷ്ടിക്കുമെന്നാണ് ഹയര്‍ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍.
ഈ നയം നടപ്പാക്കിയാല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് ഇതിന്റെ ചെലവ് പൂര്‍ണ്ണമായി വിദേശ വിദ്യാര്‍ത്ഥികളുടെ തലയില്‍ ചുമത്തണോ, അതോ കുറച്ച് ചെലവ് തങ്ങള്‍ വഹിക്കണോ എന്ന് തീരുമാനിക്കേണ്ട അവസ്ഥ വരും. ഇത് യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തെയാണ് ബാധിക്കുക.
യുകെ ഇതര വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസ് 10.3 ബില്ല്യണ്‍ പൗണ്ട് വരുമാനമാണ് സ്വരൂപിക്കുന്നത്. ലെവി ഈടാക്കിയാല്‍ 621 മില്ല്യണ്‍ പൗണ്ട് കൂടി നേടാം. ഈ തുക ഉപയോഗിച്ച് ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഫണ്ട് നല്‍കാമെന്നാണ് ഗവണ്‍മെന്റ് പക്ഷം.