പറയുന്നതും, പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം മനുഷ്യന്റെ പ്രധാന പ്രശ്‌നമാണ്. ഇതില്‍ രാഷ്ട്രീയക്കാരുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ തരുന്ന വാടക പോരെന്ന തോന്നലില്‍ ഇവരെ പുറത്താക്കി നിരക്ക് കൂട്ടുന്നത് ബ്രിട്ടനില്‍ പുതിയ കാര്യവുമല്ല. എന്നാല്‍ ഇതിനെതിരെ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്ന ഗവണ്‍മെന്റില്‍ മന്ത്രിപദം വഹിക്കുന്ന ഒരാള്‍ തന്നെ ഇത് ചെയ്താല്‍ അതിനെ എന്ത് പേര് പറഞ്ഞ് വിളിക്കും?
ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രിയാണ് ഈ ഇരട്ടത്താപ്പ് പ്രകടമാക്കിയത്. എന്നാല്‍ സംഗതി പുറത്തറിഞ്ഞ് വിവാദമായതോടെ മന്ത്രി രാജിവെച്ചു. തന്റെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വാടകക്കാരെയാണ് റുഷനാരാ അലി പുറത്താക്കിയത്. ഇതിന് ശേഷം വാടക പ്രതിമാസം 700 പൗണ്ട് വെച്ച് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഗവണ്‍മെന്റില്‍ നിന്നും രാജിവെയ്ക്കുകയാണെന്ന് അലി അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ ഖേദപ്രകടനം പോലും നടത്തിയില്ല. എല്ലാ നിയമങ്ങളും പാലിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും, ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നും റുഷനാരാ അലി കത്തില്‍ പറയുന്നു.
മുന്‍പ് താമസിച്ചിരുന്ന വാടക്കാരെ ഒഴിപ്പിച്ച ശേഷം മന്ത്രി തന്റെ വീടുകളുടെ വാടക നൂറുകണക്കിന് പൗണ്ട് വര്‍ദ്ധിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെയായിരുന്നു രാജിയില്‍ കലാശിച്ചത്. വാടക നിരക്ക് മൂലം വിഷമിക്കുന്ന വാടകക്കാര്‍ക്ക് വേണ്ടി സ്ഥിരം ശബ്ദിക്കുന്ന ആളായിരുന്നു 50-കാരി അലിയെന്നതാണ് മറ്റൊരു വസ്തുത. പ്രൈവറ്റ് റെന്റേഴ്‌സിനെ ചൂഷണം ചെയ്യുന്നുവെന്ന് പരാതിപ്പെട്ടിരുന്ന ഇവര്‍ സ്വയം ഇത് ചെയ്ത് വന്നിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന സംഗതി.