ഒരു വര്‍ഷം മാത്രം പിന്നിട്ടതോടെ മുങ്ങുന്ന കപ്പലായി മാറിയ ലേബര്‍ ഗവണ്‍മെന്റ് മുങ്ങിത്താഴുന്നത് ഒഴിവാക്കാന്‍ ആഞ്ചെല റെയ്‌നറുടെ രാജി ഉപയോഗിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രി പദത്തിലേക്ക് പോലും എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്ര ഇടത് അനുകൂലിയായ ഉപപ്രധാനമന്ത്രിയും, ഹൗസിംഗ് സെക്രട്ടറിയുമായ ആഞ്ചെല റെയ്‌നര്‍ നികുതി വെട്ടിച്ചതായി സ്വയം കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് സ്ഥാനങ്ങള്‍ രാജിവെച്ചത്.
ഈ അവസരം വിനിയോഗിച്ച് പ്രധാനമന്ത്രി തന്റെ അടുപ്പക്കാരെ ലേബര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ നേരിടാനായി നിയോഗിച്ചു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനും, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമായി ഷബാന മഹ്മൂദിനെയും, മക്ഫാഡെനെയുമാണ് സ്റ്റാര്‍മര്‍ രംഗത്തിറക്കിയത്.
ജസ്റ്റിസ് സെക്രട്ടറി പദത്തില്‍ നിന്നും ഹോം ഓഫീസിലേക്കാണ് മഹ്മൂദിന് പ്രൊമോഷന്‍ സിദ്ധിച്ചത്. ബോട്ടുകള്‍ അനധികൃത യാത്ര നടത്തുന്നത് തടയുന്നതിനാണ് ഇനി പ്രാധാന്യം നല്‍കേണ്ടി വരിക. ഹോം സെക്രട്ടറി വെറ്റ് കൂപ്പറിന് കീഴില്‍ റെക്കോര്‍ഡ് തോതില്‍ ചാനല്‍ ക്രോസിംഗ് നടന്നത് ലേബറിന്റെ ആദ്യ വര്‍ഷം പ്രതിസന്ധിയിലാക്കിയിരുന്നു.
അതിര്‍ത്തി നിയന്ത്രണത്തില്‍ പരാജയപ്പെട്ടതിന്റെ ഭാഗമായി കൂപ്പറിനെ ഫോറിന്‍ സെക്രട്ടറി പദത്തിലേക്ക് നീക്കി. ഇതിനിടെ വൈറ്റ്ഹാളില്‍ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കുന്ന പാറ്റ് മക്ഫാഡെന്‍ വെല്‍ഫെയര്‍ സെക്രട്ടറി പദത്തിലെത്തി. ലിസ് കെന്‍ഡാലിന്റെ പ്രവര്‍ത്തനം ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ഈ മാറ്റം. കെന്‍ഡാലിനെ സയന്‍സ് സെക്രട്ടറിയായാണ് മാറ്റിയത്.
ഡേവിഡ് ലാമി ഫോറിന്‍ ഓഫീസില്‍ നിന്നും താരതമ്യേന പ്രാധാന്യം കുറഞ്ഞ ജസ്റ്റീസ് ബ്രീഫ് റോളിലേക്കും ഡീമോട്ട് ചെയ്യപ്പെട്ടു. എന്നിരുന്നാലും ഇതൊരു പ്രശ്‌നമാകുന്നത് ഒഴിവാക്കാന്‍ ലാമിക്ക് ഉപപ്രധാനമന്ത്രി പദവും ഓഫര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡേവിഡ് ലാമി രാജിവെയ്ക്കില്ലെന്നാണ് കരുതുന്നത്.