CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 51 Seconds Ago
Breaking Now

യുകെയിലെ ഏറ്റവും വലിയ ഓണാഘോഷം...വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം 'ആര്‍പ്പോ 2025' പ്രൗഢഗംഭീരമായി

യുകെ മലയാളികളുടെ അഭിമാനവും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ട്രേഡ് യൂണിയന്‍ പ്രസിഡണ്ടുമായ ശ്രീ ബിജോയ് സെബാസ്റ്റ്യന്‍ ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സ്വിന്‍ഡന്‍ : വില്‍ഷെയര്‍  മലയാളി അസോസിയേഷന്റെ  ഓണാഘോഷം 'ആര്‍പ്പോ 2025' സ്വിന്‍ഡനിലെ മെക്കാ ഓഡിറ്റോറിയത്തില്‍ വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച  സെപ്റ്റംബര്‍ 21ന് അതിഗംഭീരമായി ആഘോഷിച്ചു. വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്  ശ്രീമതി ജിജി സജി അധ്യക്ഷയായും സ്വിന്‍ഡന്‍ മേയര്‍ ഫെയ് ഹൊവാര്‍ഡ് ഉദ്ഘാടനം നിര്‍വഹിച്ച  ഓണാഘോഷ പരിപാടിയില്‍ മുഖ്യ അതിഥികളായി സൗത്ത് സ്വിന്‍ഡന്‍ എംപിയും, യുകെ  പൊതു ഗതാഗത വകുപ്പ് സെക്രട്ടറിയുമായ ഹെയ്ദി അലക്‌സാണ്ടര്‍, സ്വിന്‍ഡന്‍ മുന്‍മേയറും കൗണ്‍സിലറുമായ  ഇമിത്യാസ് ഷേക്ക്, കൗണ്‍സിലര്‍  അഡോറബല്ലേ ഷെയ്ക്ക്, റോയല്‍ കോളേജ് ഓഫ് നേഴ്‌സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

 

ഞായറാഴ്ച രാവിലെ 9 മണിക്ക്  ഓണപ്പൂക്കളവും തുടര്‍ന്ന് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത നിരവധി ഓണക്കളികളും പരിപാടികള്‍ക്ക് മിഴിവേകി. തുടര്‍ന്ന് കൃത്യം 12 മണിക്ക് തന്നെ ആയിരത്തോളം ആളുകള്‍ക്ക്  സ്വാദിഷ്ടമായ ഓണസദ്യ, മട്ടാഞ്ചേരി കാറ്ററേഴ്‌സിന്റെ നേതൃത്വത്തില്‍ നല്‍കുകയുണ്ടായി. 

 

അഞ്ജന സുജിത്തിന്റെ ഈശ്വരപ്രാര്‍ത്ഥനയും അതിനെ തുടര്‍ന്ന് ഓണാഘോഷ  വിളംബരം അസോസിയേഷന്‍ സെക്രട്ടറി ഷിബിന്‍ വര്‍ഗീസ്  നിര്‍വഹിച്ചതോടെ സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് സ്വിന്‍ഡന്‍ സ്റ്റാര്‍സിന്റെ ചെണ്ടമേളവും ആരവത്തോടും ആര്‍പ്പുവിളികളോടും താളമേളങ്ങളോടും കൂടി മാവേലിയേയും മറ്റു വിശിഷ്ടതിഥികളെയും അസോസിയേഷന്‍ ഭാരവാഹികളെയും വേദിയിലേക്ക്  ആനയിക്കപ്പെട്ടു. തുടര്‍ന്ന് പൊതുസമ്മേളനവും ഔപചാരിക ഉത്ഘാടനവും അതിനെത്തുടര്‍ന്ന് കേരളത്തിന്റെ തനത് സംസ്‌കാരത്തെ വിളിച്ചോതുന്ന വര്‍ണ്ണ ശബളിമയാര്‍ന്ന കലാമേളയും അരങ്ങേറുകയുണ്ടായി.

 

 

അസ്സോസിയേഷന്‍ സെക്രട്ടറി ഷിബിന്‍ വര്‍ഗീസ് ഏവരെയും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ  ഓണത്തിന്റെ മൂല്യങ്ങള്‍ നമ്മുടെ  ഓരോരുത്തരുടെയും  വ്യക്തിജീവിതത്തിലും  കര്‍മ്മ ജീവിതത്തിലും ഉണ്ടാകണമെന്നും  അതിനായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ഏവര്‍ക്കും ഓണത്തിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട് ശ്രീ ഷിബിന്‍ വര്‍ഗീസ് ഏവരെയും ഓണാഘോഷ പരിപാടികളിലേക്ക്  സ്വാഗതം ചെയ്തു സംസാരിച്ചു.

മലയാളികളുടെ ഹൃദയ വികാരവും ഐക്യവും  വിളിച്ചോതുന്ന ഏറ്റവും വലിയ ആഘോഷമാണ് ഓണമെന്നും തുമ്പയും പിച്ചിയും പൂത്തുമ്പിയും  ഓണത്തപ്പനും ഓണസദ്യയുമായി  നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തില്‍ ഏറെ  ഗൃഹാതുരത്വം വിതയ്ക്കുന്ന  നന്മയുടെ ഉത്സവമാണ് ഇന്നിവിടെ നാം ആഘോഷിക്കുന്നതെന്നും എല്ലാവരുടെയും  ഹൃദയത്തില്‍  നന്മയും ഐശ്വര്യവും  നിലനില്‍ക്കട്ടെ എന്നും വില്‍ഷെയര്‍ മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സാമൂഹികമായ ഏകീകരണത്തിന് ജാതി -മത- വര്‍ണ്ണ -വര്‍ഗ്ഗ -രാഷ്ട്രീയ ഭേദമില്ലാതെ ഏറെ ഒത്തൊരുമയിലാണ് നമ്മുടെ അസോസിയേഷന്‍  മുന്നോട്ടുപോകുന്നതെന്നും അത്  മറ്റ് അസോസിയേഷനുകള്‍ക്ക്  മാതൃകയാണെന്നും ഏവര്‍ക്കും ഓണം ആശംസകള്‍ നേര്‍ന്നുകൊണ്ട് യോഗാധ്യക്ഷയും വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ശ്രീമതി ജിജി സജി സംസാരിക്കുകയുണ്ടായി.

വില്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ അംഗങ്ങള്‍ സ്വിന്‍ഡനിലെ സാമൂഹിക സാമ്പത്തിക മേഖലകളിലെ നിര്‍ണായക ഘടകമാണെന്നും ആരോഗ്യരംഗത്ത് മാത്രമല്ല മറ്റു ഇതര മേഖലകളിലും  മലയാളികളുടെ സംഭാവന  വിലമതിക്കാനാകാത്തതാണെന്നും മികച്ച സമൂഹത്തെ  വാര്‍ത്തെടുക്കുന്നതില്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ  പ്രവര്‍ത്തനങ്ങള്‍ ഏറെ  ശ്‌ളാഘനീയമാണെന്നും അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ എന്നും ഒപ്പമുണ്ടാകുമെന്നും ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് മേയര്‍ ഫെയ് ഹൊവാര്‍ഡ് അഭിപ്രായപ്പെട്ടു. 

 

 

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം തനത് സാംസ്‌കാരികതയെ വിളിചോതുന്നതാണെന്നും ആ സാംസ്‌കാരികതയുടെ ഭാഗമായി എത്തിച്ചേരാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും ഘടനാപരമായ കെട്ടുറപ്പും അത്യന്താപേക്ഷിതമാണെന്നും അതില്‍ വില്‍ഷെയര്‍ മലയാളീ അസോസിയേഷന്റെ പങ്ക് നിര്‍ണായകമാണെന്നും ഈ കൂട്ടായ്മ മറ്റു സാമുദായിക സംഘടനകള്‍ക്ക്  മാതൃകയാണെന്നും ഏവര്‍ക്കും ഓണാഘോഷത്തിന്റെ ആശംസകളറിയിച്ചുകൊണ്ട് മന്ത്രി ഹെയ്ദി അലക്‌സാണ്ടര്‍ സംസാരിക്കുകയുണ്ടായി.  

 

തുടര്‍ന്ന് സംസാരിച്ച മുന്‍മേയറും  കൗണ്‍സിലറും ആയ ശ്രീ ഇമിത്യാസ് ഷേക്ക്  ഓണാശംസകളുടെ തുടക്കം മലയാളത്തില്‍ സംസാരിച്ചത് വന്‍ കരഘോഷത്തോടെയാണ്  വില്‍ഷെയര്‍ മലയാളി സമൂഹം  വരവേറ്റത്. വില്‍ഷെയര്‍ മലയാളി കൂട്ടായ്മയില്‍ പങ്കെടുക്കുക എന്നത് ഏറെ സന്തോഷമുള്ള  നിമിഷങ്ങള്‍ ആണെന്നും  മുന്നോട്ടുള്ള പ്രയാണത്തില്‍  എല്ലാവിധ പിന്തുണയും  വാഗ്ദാനം ചെയ്യുന്നു എന്നും  ഓണാശംസകള്‍ നേര്‍ന്നുകൊണ്ട്  കൗണ്‍സിലര്‍ ശ്രീ ഇമിത്യാസ്  ഷേക്ക് സംസാരിച്ചു.

യുകെ മലയാളികളുടെ  അഭിമാനവും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്  ട്രേഡ് യൂണിയന്‍  പ്രസിഡണ്ടുമായ ശ്രീ ബിജോയ് സെബാസ്റ്റ്യന്‍ ഏവര്‍ക്കും  ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആരോഗ്യരംഗത്തെ   സമകാലീന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ തരണം ചെയ്യണമെന്നും യുകെയുടെ ആരോഗ്യരംഗത്ത് പ്രവാസികളുടെ പങ്ക് നിര്‍ണായകമാണെന്നും റോയല്‍ കോളേജ് ഓഫ് നേഴ്‌സിങ് ട്രേഡ് യൂണിയന്റെ കാഴ്ചപ്പാടുകളും  നിലപാടുകളും അത്  എന്‍എച്ച്എസിനും ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും  എത്രമാത്രം പ്രയോജനകരമായി  പ്രവര്‍ത്തിക്കാമെന്നും വളരെ വിശദമായി ശ്രീ ബിജോയ് സെബാസ്റ്റ്യന്‍  വിശദീകരിക്കുകയുണ്ടായി. 

 

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍  സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളും ഐക്യവും ഏറെ പ്രശംസനീയമാണെന്നും അസോസിയേഷനുമായി ഏറെ അഭേദ്യമായ  ബന്ധമാണുള്ളതെന്നും  ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് കൗണ്‍സിലര്‍  അഡോറബല്ലേ ഷെയ്ക്ക് സംസാരിച്ചു. 

അതിനെ തുടര്‍ന്ന് ഓണാഘോഷം  ആര്‍പ്പോ 2025ന്റെ സന്ദേശം മഹാബലി നല്‍കുകയുണ്ടായി.

പൊതുസമ്മേളനത്തില്‍ ഈ വര്‍ഷം A Level പരീക്ഷയിലും, GCSC പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ  അനുമോദിക്കുകയും ഒപ്പം തന്നെ, അസോസിയേഷന്റെ ഈ വര്‍ഷം നടത്തപ്പെട്ട 'ആവേശം 2025' കായിക മാമാങ്കത്തില്‍ ചാമ്പ്യന്മാരായ ഈസ്റ്റ് സ്വിന്‍ഡണ്‍ അംഗങ്ങള്‍ക്കുള്ള ചാംപ്യന്‍സ് ട്രോഫിയും ചടങ്ങില്‍ നല്‍കപ്പെടുകയുണ്ടായി. 

 

 

പൊതുസമ്മേളനത്തെത്തുടര്‍ന്ന് മലയാളത്തിന്റെ പാരമ്പര്യവും  തനതു സംസ്‌കാരവും കോര്‍ത്തിണക്കിയ ദൃശ്യവിരുന്ന്  വേദിയില്‍  അരങ്ങേറുകയുണ്ടായി. രാജാ രവിവര്‍മ്മ ചിത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നയന മനോഹരമായ നൃത്താവിഷ്‌കാരം അക്ഷരാര്‍ത്ഥത്തില്‍ രവിവര്‍മ്മ ചിത്രങ്ങള്‍ക്ക് ജീവന്‍ സ്ഫുരിക്കുന്നതായി മാറി. തുടര്‍ന്ന് ക്ലാസിക്കല്‍ നൃത്ത ശില്പങ്ങളായ കഥകളി, തെയ്യം മോഹിനിയാട്ടം, ഭരതനാട്യം  തിരുവാതിര തുടങ്ങിയവ വേദിയില്‍ അനശ്വരമാക്കിയതോടൊപ്പം കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത സിനിമാറ്റിക് ഡാന്‍സും ഒപ്പം നിരവധി സംഗീതജ്ഞരുടെ സംഗീത പരിപാടികളും ഉന്നത നിലവാരം പുലര്‍ത്തിയതോടൊപ്പം എല്ലാ മലയാളികളെയും  അക്ഷരാര്‍ത്ഥത്തില്‍ ദൃശ്യശ്രവണ മാസ്മര ലോകത്തേക്ക്  നയിക്കപ്പെടുന്നത് ആക്കി മാറ്റി.  

 

 

 

 

 

 

ഓണാഘോഷപരിപാടികള്‍ മികവുറ്റതാക്കാന്‍ പ്രവര്‍ത്തിച്ച പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്, ജയേഷ് കുമാര്‍, തുഫെല്‍, പ്രിയ ജോജി, ഗീതു അശോകന്‍  എന്നിവര്‍ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകരായ ടോണി സ്‌കറിയ,എല്‍ദോ, അനു ചന്ദ്ര, ഷൈന്‍ അരുണ്‍ എന്നിവര്‍ മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. ഓണാഘോഷ പരിപാടി കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച WMA കമ്മിറ്റി അംഗങ്ങള്‍:  ജിജി സജി, ഷിബിന്‍ വര്‍ഗീസ്, കൃതിഷ് കൃഷ്ണന്‍, ടെസ്സി അജി, തേജശ്രീ സജീഷ്, ബൈജു വാസുദേവന്‍, ഡോണി പീറ്റര്‍, മാത്യു കുര്യാക്കോസ്, അമല്‍ ജോഷി, ജൈസ് കെ ജോയി, മഞ്ജു ടോം, അനീഷ മോഹനന്‍, രജിത നമ്പ്യാര്‍, സെലിന്‍ വിനോദ്, പൂര്‍ണിമ മേനോന്‍, ജിജു  അലക്‌സാണ്ടര്‍, സൗമ്യ ജിനേഷ്, എബി തോമസ്, ബൈജു ജേക്കബ്, ഡെന്നി വാഴപ്പിള്ളി, രജബുള്‍ ഹഖ്, ആല്‍ബി ജോമി, ജോഷന്‍ ജോണ്‍, വര്‍ക്കി കുരുവിള, ഡോ. ഫെബിന്‍ ബഷീര്‍, റെയ്മോള്‍ നിധിരി, ജെയ്മി നായര്‍, രാജേഷ് നടേപ്പിള്ളി എന്നിവരാണ്. 

 

 

 

 

സോണി കാച്ചപ്പിള്ളയുടെ ശബ്ദവും വെളിച്ചവും പരിപാടികള്‍ക്ക് മിഴിവേകി. Color Media UK Ltd ന്റെ ദൃശ്യവിസ്മയം ഓണാഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീര്‍ത്തു. 

 

 

WMA യുടെ മുഖ്യ സ്‌പോണ്‍സര്‍ ആയ INFINITY FINANCIALS LTD നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയം സമ്മാനമായി നല്‍കുകയുണ്ടായി. 

WMA ഒരുക്കിയ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേര്‍ സമ്മാനാര്‍ഹരായി. ഓണാഘോഷങ്ങളുടെ സുന്ദര നിമിഷങ്ങള്‍ ഒപ്പിയെടുത്ത് ബെറ്റെര്‍ഫ്രെയിംസ്  രാജേഷ് നടേപ്പിള്ളി, ജിജു എന്നിവര്‍ ഫോട്ടോഗ്രാഫിയും ജൈബിന്‍, സോജി തോമസ് എന്നിവര്‍ വീഡിയോഗ്രാഫിയും നിര്‍വഹിച്ചു, 

പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട്  ട്രഷറര്‍ ശ്രീ കൃതിഷ് കൃഷ്ണന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക#mce_temp_url#




കൂടുതല്‍വാര്‍ത്തകള്‍.