സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പന്‍സും, ലൂട്ടന്‍ ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിച്ച ഓള്‍ യു കെ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ തണ്ടേഴ്‌സ് ഫാല്‍ക്കണ്‍സ്, ലൂട്ടന്‍ ചാമ്പ്യന്മാരായി. സ്റ്റീവനേജില്‍ ആദ്യമായി നടത്തപ്പെട്ട ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ പ്രസിഡണ്ടും, അമ്പയറും, മികച്ച ബൗളറുമായ ജോബിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജോബിന്‍ ജോര്‍ജ്ജ് ടൂര്‍ണമെന്റ് അതിഥി അപ്പച്ചന്‍ കണ്ണഞ്ചിറക്ക് ബൗള്‍ ചെയ്തുകൊണ്ടാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.
വെടികൊട്ട് ബാറ്റിങ്കൊണ്ടും, കൃത്യമായ ബൗളിങ്ങും, ഫീല്‍ഡിങ്ങുമായി ടൂര്‍ണമെന്റിലെ ഇഷ്ട ടീമായി മാറിയ തണ്ടേഴ്‌സ് ഫാല്‍ക്കണ്‍സ്, വിജയികള്‍ക്കുള്ള ആയിരത്തി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും കരസ്ഥമാക്കി. റണ്ണറപ്പായ നോര്‍വിച്ചില്‍ നിന്നുള്ള 'നാം' അഞ്ഞൂറ്റി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും നേടി.
അത്യാവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ നടന്ന ത്രസിപ്പിച്ച പ്രകടനത്തില്‍ പത്തോവറില്‍ നാലു വിക്കറ്റിന് 200 റണ്‍സ് അടിച്ചുകൂട്ടിയ തണ്ടേഴ്‌സ് ഫാല്‍ക്കണ്‍സ് , ലൂട്ടന്‍ ടസ്‌ക്കേഴ്സിനെ 74 റണ്ണിന് ഓള്‍ഔട്ടാക്കി ഫൈനലിലേക്കുള്ള എന്‍ട്രി നേടുകയായിരുന്നു. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഫോര്‍ട്ട് ക്രിക്കറ്റ് ക്ലബ്ബ്, പത്തോവറില്‍ എട്ട് വിക്കറ്റിന് 95 റണ്‍സെടുത്തപ്പോള്‍, 'നാം നോര്‍വിച്ച്' ആറു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പതാം ഓവറില്‍ത്തന്നെ സ്‌കോര്‍ മറി കടന്ന് ഫൈനലിലേക്ക് ഉള്ള ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
ആവേശം മുറ്റി നിന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത തണ്ടേഴ്‌സ് ഫാല്‍ക്കണ്‍സ് പത്തോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. സ്പിന്‍ മാന്ത്രികതയിലും, കൃത്യതയാര്‍ന്ന ഫീല്‍ഡിങ്ങിലും, മികച്ച ബൗളിങ്ങിലും തങ്ങളുടെ വരുതിയിലാക്കിയ മത്സരത്തില്‍ തണ്ടേഴ്‌സ് ഫാല്‍ക്കണ്‍സ്, നാം നോര്‍വിച്ചിനെ പത്തോവറില്‍ ഒമ്പതു വിക്കറ്റെടുത്ത് 49 റണ്‍സില്‍ തളക്കുകയായിരുന്നു.
മൂന്നു മത്സരങ്ങളില്‍ നിന്നും 80 റണ്‍സും, 6 ഓവറുകളിലായി 38 റണ്ണിന് 5 വിക്കറ്റും നേടിയ 'നാം' നോര്‍വിച്ചിലെ അജേഷ് ജോസ് ടൂര്‍ണമെന്റിലെ മികച്ച ഓള്‍റൗണ്ടറായി. മൂന്നു മത്സരങ്ങളിലായി 146 റണ്‍സ് അടിച്ചെടുത്ത് തണ്ടര്‍സ് ഫാല്‍ക്കന്‍സിലെ മഹിമ കുമാര്‍ ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചിനും, മികച്ച ബാറ്‌സ്മാനുമുള്ള ട്രോഫിയും കാഷ് പ്രൈസും നേടി. 5 ഓവറില്‍ 33 റണ്‍സ് വഴങ്ങിക്കൊണ്ട് 5 വിക്കറ്റ് എടുത്ത തണ്ടേഴ്‌സ് ഫാല്‍ക്കന്‍സിലെ ഗോപീ കൃഷ്ണ ബൗളര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റിനുള്ള കാഷ് പ്രൈസും, ട്രോഫിയും നേടി.
കാര്‍ഡിഫ് മുതല്‍ നോര്‍വിച്ച് വരെയുള്ള ക്രിക്കറ്റ് രാജാക്കന്മാര്‍ മാറ്റുരച്ച അത്യാവേശകരമായ ക്രിക്കറ്റ് കായിക മാമാങ്കം ഇദംപ്രഥമമായി സ്റ്റീവനേജില്‍ നടന്നപ്പോള്‍, മത്സരങ്ങള്‍ക്ക് പ്രോത്സാഹനവും, ആവേശ നിമിഷങ്ങള്‍ക്ക് നേര്‍സാക്ഷികളാകുവാനുമായി കായിക പ്രേമികളും, അഭ്യുദയകാംക്ഷികളുമായ വന്‍ ജനാവലിയാണ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞത്.
സ്റ്റീവനേജ് കൊമ്പന്‍സ്- ലൂട്ടന്‍ ഹോക്‌സ് എലൈറ്റ്‌സ് ബിഎംസിസി ബെഡ്‌ഫോര്‍ഡ്, മേര്‍ത്യര്‍ ടൈറ്റന്‍സ് കാര്‍ഡിഫ്, യുണൈറ്റഡ് സ്ട്രൈക്കേഴ്സ് എന്നീ നാലു ടീമുകള്‍ പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി പുറത്താവുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ ബേസില്‍ രാജു (മീഡിയ കോര്‍ഡിനേറ്റര്‍), ബേസില്‍ ജോയി (സെക്രട്ടറി), ബേബി പോള്‍, റെക്‌സ് സുരേന്ദ്രന്‍ എന്നിവര്‍ സ്‌കോര്‍ ബോര്‍ഡിലും, ശരത് സൂദന്‍ (ഹോക്‌സ് ക്യാപ്റ്റന്‍), മിഥുന്‍ മധുസൂദന്‍, സ്റ്റെബിന്‍ തര്യന്‍, അഭിലാഷ് എന്നിവര്‍ ലെഗ് അമ്പയറിങ്ങിലും കളി നിയന്ത്രിച്ചു.
ഏറെ വിജയപ്രദമായി നടന്ന ടൂര്‍ണമെന്റിന് കൊമ്പന്‍സിന്റെ മെല്‍വിന്‍ അഗസ്റ്റിന്‍ (പ്രസിഡണ്ട് ), ലൈജോണ്‍ ഇട്ടീര (വൈസ് പ്രസിഡണ്ട്), തേജിന്‍ തോമസ് (ക്യാപ്റ്റന്‍), ജിന്റോ തോമസ് ( വൈസ് ക്യാപ്റ്റന്‍) സാംസണ്‍ ജോസഫ് (ജോ.സെക്രട്ടറി), അമല്‍ (ട്രഷറര്‍), ദീപു ജോര്‍ജ്ജ്, ജില്‍ജു, അനിഷില്‍, സുധീപ് വാസുദേവന്‍, രൂപേഷ് (വൈസ് ക്യാപ്റ്റന്‍), ഗോകുല്‍, ഷിജില്‍, അഭിലാഷ്, ആനന്ദ് മാധവ് എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി നേതൃത്വം നല്‍കി. ലണ്ടനില്‍ നിന്നുള്ള നദീം, നെബ് വര്‍ത്ത് സി സി യുടെ അരുണ്‍ ദേശായി എന്നിവര്‍ അമ്പയര്‍മാരും, നെബ് വര്‍ത്ത് സി സി യുടെ തന്നെ ക്രിസ് ഗ്രൗണ്ട് ചാര്ജും ആയിരുന്നു.
Appachan Kannanchira