CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 54 Seconds Ago
Breaking Now

ലേബര്‍ പാര്‍ട്ടി നാഷണല്‍ കോണ്‍ഫ്രന്‍സിന് ലിവര്‍പൂളില്‍ തുടക്കമായി......... വിവിധ സംഘാടക സമിതികളുടെ ഭാഗമായികൊണ്ട് മലയാളി പ്രതിനിധികളും ശ്രദ്ധേയരാകുന്നു

മലയാളി പ്രതിനിധികള്‍ ലേബര്‍ പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ മുഴുവന്‍സമയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയരാകുന്നു.

ലിവര്‍പൂള്‍ :- ബ്രിട്ടനിലെ നിലവിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് നടുവില്‍ ലേബര്‍ പാര്‍ട്ടി നാഷണല്‍ കോണ്‍ഫ്രന്‍സിന് ലിവര്‍പൂള്‍  എ സി സി അരീനയില്‍ ഗംഭീര തുടക്കം. പതിനാല് വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് അധികാരത്തിലേറിയതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമായിരുന്നു 2024 ലെ ദേശീയ സമ്മേളനം നടന്നതെങ്കില്‍, കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ് ഈ വര്‍ഷത്തെ ദേശീയ സമ്മേളനം അരങ്ങേറുന്നത്. 

അനധികൃത കുടിയേറ്റവും, ബ്രിട്ടീഷ് ദേശീയതയും, തീവ്ര വലതുപക്ഷ രാഷ്ട്രീയവും രാജ്യമെമ്പാടും മുന്‍പെങ്ങും നടന്നിട്ടില്ലാത്തവിധം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍; രാജ്യം ഭരിക്കുന്ന ലേബര്‍ പാര്‍ട്ടി ദേശീയ സമ്മേളനം ലോകം ഉറ്റുനോക്കും വിധം ശ്രദ്ധാകേന്ദ്രമാകുകയാണ്. രാജ്യത്തിന്റെ ദേശീയ - അന്തര്‍ദേശീയ സമീപനങ്ങളെ കൃത്യമായി മാറ്റിമറിക്കുവാന്‍ കെല്പ്പുള്ളവയാകും കോണ്‍ഫ്രന്‍സിന്റെ നയരൂപീകരണ നിര്‍ദ്ദേശങ്ങള്‍.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് യു കെ പ്രവാസി സമൂഹവും ശ്രദ്ധാപൂര്‍വ്വം  കാതോര്‍ക്കുമ്പോള്‍, മലയാളി പ്രതിനിധികളും ലേബര്‍ പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ മുഴുവന്‍സമയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയരാകുന്നു. ആദ്യ മലയാളി ബ്രിട്ടീഷ് എം പി സോജന്‍ ജോസഫിനോടൊപ്പം ബേസിംഗ്‌സ്റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം, മുന്‍ ക്രോയ്‌ഡോണ്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, മുന്‍ ന്യൂഹാം കൗണ്‍സിലര്‍ സുഗതന്‍ തെക്കേപുര, ലിവര്‍പൂളില്‍ നിന്നുതന്നെയുള്ള പ്രിയാ ലാല്‍,  നോര്‍ത്ത് ലണ്ടനിലെ ഫ്രിഞ്ചിലിയില്‍ നിന്നുള്ള അജിത് ദാസ് ,ഇപ്‌സ്വിച്ചില്‍ നിന്നുള്ള ജയ മേരി ജോസ് എന്നിവരാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന മലയാളികള്‍.

സെപ്റ്റംബര്‍ 28 മുതല്‍ ഒക്‌റ്റോബര്‍ 1 വരെ നടക്കുന്ന കോണ്‍ഫ്രന്‍സിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി ലീഡറുമായ സര്‍ കീയര്‍ സ്റ്റാമര്‍ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ ലോകം കാതോര്‍ക്കുന്ന പ്രഖ്യാപനങ്ങള്‍ക്ക് ലേബര്‍ പാര്‍ട്ടി ദേശീയ സമ്മേളനം വേദിയാകും. നൂറോളം ഫ്രിഞ്ച് മീറ്റിങ്ങുകളും, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ ഔദ്യോഗീക പ്രതിനിധികള്‍ നേരിട്ട് സംഘടിപ്പിക്കുന്ന അത്താഴ വിരുന്നുകളും, അതാത് രാജ്യങ്ങളിലെ കോണ്‍ഫ്രന്‍സ് പ്രതിനിധികളെയും ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രിമാരെയും എം പി മാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സൗഹൃദ സംവാദ സദസ്സുകളുമൊക്കെയായി ഉത്സവ പ്രതീതി പകരുന്ന നാല് ദിനങ്ങള്‍ക്കാകും ലിവര്‍പൂള്‍ ഇനി സാക്ഷ്യം വഹിക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.