ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ സല്‍മാന്‍ ഉടന്‍ കസ്റ്റംസിന് അപേക്ഷ നല്‍കും. ഹൈക്കോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണര്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനം വിട്ടു നല്‍കാന്‍ സാധിക്കില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാന് ദുല്‍ഖര്‍ അപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നത്.
ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രം വിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചത്. അതേസമയം, ഭൂട്ടാനില്‍ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. അന്വേഷണം തുടങ്ങി ഒരു മാസമാകാനിരിക്കെ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയ 39 വാഹനങ്ങള്‍ക്കപ്പുറം കൂടുതലായൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ ഷൈന്‍ മോട്ടോഴ്‌സ് ഉടമകള്‍ കോയമ്പത്തൂരിലെ ഇടനില സംഘമാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയ്ക്കായി നല്‍കിയ രേഖകളുടെയും ഇലക്ട്രോണിക് തെളിവുകളുടെയും വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇ.ഡി. കള്ളപ്പണം ഇടപാടിന് തെളിവ് ലഭിച്ചാല്‍ കടുത്ത നടപടിയിലേക്ക് കടക്കും. ഷൈന്‍ മോട്ടോഴ്‌സ് ഉടമകളുടെ മൊഴിയെടുക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ആരെയും ചോദ്യം ചെയ്യുന്നതില്‍ ഇ ഡി തീരുമാനമെടുത്തിട്ടില്ല.