15 കോടി മുതല്‍മുടക്കില്‍ എത്തിയ തന്റെ ചിത്രം 'പര്‍ദ' തിയേറ്ററില്‍ ഫ്ളോപ്പ് ആയി മാറിയതില്‍ നിരാശ പ്രകടപ്പിച്ച് നടി അനുപമ പരമേശ്വരന്‍. ഈ വര്‍ഷം ആറ് സിനിമകളില്‍ അഭിനയിച്ച താരം എല്ലാ സിനിമകളും പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് വ്യക്തമാക്കി. പര്‍ദക്ക് ലഭിച്ച മോശം പ്രതികരണത്തില്‍ തനിക്ക് നിരാശ തോന്നുന്നുവെന്ന് അനുപമ പറഞ്ഞു.
'ബൈസണ്‍' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അനുപമ സംസാരിച്ചത്. ശരിക്ക് ദുഃഖമുണ്ട്. ആ സത്യം അംഗീകരിക്കുന്നു. ചെയ്യുന്ന ഓരോ സിനിമയും ബോക്സ് ഓഫീസ് ഹിറ്റായില്ലെങ്കില്‍ പോലും, അത് നന്നായി വരണമെന്നും പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടപ്പെടണമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 'കിഷ്‌കിന്ധാപുരി'യിലെ എന്റെ കഥാപാത്രം 'ബൈസണി'ലെ കഥാപാത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു സിനിമ വിജയിക്കുമ്പോള്‍, കൂടുതല്‍ മികച്ച സിനിമകള്‍ ചെയ്യാനും തിരക്കഥകള്‍ വിവേകത്തോടെ തിരഞ്ഞെടുക്കാനും എനിക്ക് പ്രചോദനം നല്‍കുന്നുണ്ട് എന്നാണ് അനുപമ പറഞ്ഞത്.
ഏകദേശം 1.2 കോടി രൂപ മാത്രമാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. പ്രവീണ്‍ കന്ദ്രേഗുല ആണ് പര്‍ദ സംവിധാനം ചെയ്തത്. നടി ദര്‍ശന രാജേന്ദ്രന്റെ ആദ്യ തെലുങ്ക് ചിത്രം കൂടി ആയിരുന്നു പര്‍ദ. 'പര്‍ദ: ഇന്‍ ദ് നെയിം ഓഫ് ലവ്' എന്നാണ് ചിത്രത്തിന്റെ പൂര്‍ണമായ പേര്. ഈ വര്‍ഷം ഓഗസ്റ്റ് 22ന് ആണ് ചിത്രം തിയേറ്ററിലെത്തിയത്.