
















ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രണ്ടാമത്തെ കാര്‍ സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചതെന്ന് സൂചന. അമോണിയം നൈട്രേറ്റ് കടത്താന്‍ ഈ കാര്‍ ഉപയോഗിച്ചു എന്നാണ് സൂചന. ഇന്നലെ ഹരിയാനയില്‍ നിന്നാണ് ഫരീദാബാദ് പൊലീസ് ചുവന്ന എക്കോ സ്‌പോര്‍ട്ട് കാര്‍ കണ്ടെത്തിയത്.
അതേസമയം, സ്‌ഫോടനത്തിനു മുന്‍പ് ഡോക്ടര്‍ ഉമര്‍ ഓള്‍ഡ് ദില്ലിയില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയില്‍ ഉമര്‍ സമയം ചിലവിട്ടു. 10 മിനിറ്റ് നേരം ഉമര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്ന് രണ്ടരയോടെയാണ് ഉമര്‍ ചെങ്കോട്ടയ്ക്കടുത്തേക്ക് പോയത്. ഉമര്‍ എത്തിയ പള്ളിയിലെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു കഴിഞ്ഞു.
അതിനിടെ, സ്‌ഫോടനം നടന്നതിന് സമീപമുള്ള ലാല്‍ ഖില മെട്രോ സ്റ്റേഷന്‍ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷന്‍ തുറക്കില്ല. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സ്‌ഫോടനത്തിനുശേഷം മൂന്നു ദിവസത്തേക്ക് മെട്രോ സ്റ്റേഷന്‍ അടച്ചിടും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരു ഡോക്ടര്‍ കൂടി കസ്റ്റഡിയില്‍. കാണ്‍പൂരില്‍ നിന്ന് അനന്ത്‌നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ പിടിയിലായ പര്‍വ്വേസിനെ ദില്ലിയില്‍ എത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടര്‍മാരുടെ എണ്ണം ആറായി. കൂടാതെ, ഡിസംബര്‍ ആറിന് ചെങ്കോട്ടയില്‍ സ്‌ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോര്‍ട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഭീകര നീക്കം എന്ന നിഗമനത്തിലെത്തിയത്.