
















വെനസ്വേലയില്‍ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ ആണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ സംഭവിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂര്‍വമായ ഭൂചലനങ്ങള്‍, ഒരു നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്. കരീബിയന്‍ തീരമേഖല കേന്ദ്രീകരിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് വലിയ ഭൂചലനങ്ങള്‍ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂമി കുലുക്കത്തില്‍ നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മതിലുകളും മറ്റും തകര്‍ന്നു വീണതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് കാരക്കാസിലെ പ്രമുഖ ജനവാസ മേഖലകളായ അല്‍താമിറ, കാരിക്വാവോ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പല കെട്ടിടങ്ങളുടെയും ചുവരുകള്‍ ഇടിഞ്ഞുവീഴുകയും തകരുകയും ചെയ്തതോടെ ജനങ്ങള്‍ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും മൊബൈല്‍ നെറ്റ്വര്‍ക്കുകളും പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാന്‍ അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ക്ക് വഴിമാറിക്കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കരുതെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആദ്യ ഭൂകമ്പത്തിന്റെ തീവ്രത 7.1 ആയിരുന്നു, കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയന്‍ തീരത്താണ് ഇതിന്റെ പ്രഭവകേന്ദ്രം. 13 കിലോമീറ്ററോളം ഈ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. ഒരു മിനിറ്റിനു ശേഷം 7.5 തീവ്രതയുള്ള ഇതിലും വലിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ ആയിരുന്നു. അതിന്റെ പ്രഭവകേന്ദ്രം മോറോണില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു. ഭൂചലനത്തിന് പിന്നാലെ വെനിസ്വേല, അരൂബ, ബോണയര്‍, കുറകാവോ തുടങ്ങിയ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിനും സുനാമി തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.