
















നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കം നിരവധി വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 19-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമായ സാഹചര്യത്തിലാണെങ്കിലും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കാതെ നിരാഹര സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വാങ്ചുക്ക്. ജൂലൈ 20ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ എല്ലാവരും അണിനിരക്കണമെന്ന് വാങ്ചുക്ക് ആവശ്യപ്പെട്ടു. തന്നോട് നിരാഹാര സമരം അവസാനിപ്പിക്കാന്‍ പറയുന്നതിന് പകരം എല്ലാവരും ജൂലൈ 20ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരക്കണമെന്നാണ് വാങ്ചുക്ക് പറഞ്ഞത്.
പതിനെട്ട് ദിവസം കൊണ്ട് സോനം വാങ്ചുക്കിന്റെ ഭാരം 8.9 കിലോ കുറഞ്ഞു. നിലവില്‍ അദ്ദേഹത്തിന്റെ ഭാരം 57.15 കിലോയാണ്. വാങ്ചുക്കിന്റെ രക്ത സമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ നിലയിലാണ്. 24 മണിക്കൂറും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമുള്ളത്. സോനം വാങ്ചുക്കിനൊപ്പം ഐസ നേതാക്കളായ നേഹ, മനീഷ്, ആമീന്‍ എന്നിവരും നിരാഹാര സമരം തുടരുകയാണ്. നേതാക്കളുടെ ആരോഗ്യനിലയും മോശമായിക്കൊണ്ടിരിക്കുകയാണ്. നേഹയുടെ ഭാരം 5.85 കിലോയും മനീഷ്, ആമീന്‍ എന്നിവരുടേത് യഥാക്രമം 8.2 കിലോ, 8.3 കിലോ എന്നിങ്ങനെ കുറഞ്ഞതായി ഐസ നേതാക്കള്‍ പറഞ്ഞു. മൂന്ന്പേരുടെയും രക്തസമ്മര്‍ദ്ദനം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ നിലയിലാണ്.