
















പാക് അധീന കശ്മീരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ക്വാജ ആസിഫ് നടത്തിയ പരാമര്‍ശം വിവാദത്തില്‍.ഇസ്ലാമാബാദിനെതിരെ പ്രതിഷേധിക്കുന്നവരെ 'ഇന്ത്യയെപ്പോലുള്ള ശത്രുക്കള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് സര്‍ക്കാരിന്റെ നടപടികളെ ന്യായീകരിച്ചത്. പ്രതിഷേധക്കാരെയും ഇന്ത്യയെയും ഒരേ വിഭാഗത്തിലാണ് താന്‍ കാണുന്നതെന്നും, ഇരുവരും പാകിസ്ഥാന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
'പ്രതിഷേധക്കാരെ ഇന്ത്യയോടൊപ്പമാണ് ഞാന്‍ കാണുന്നത്. അവര്‍ പാകിസ്ഥാന്റെ ശത്രുക്കളാണ്,' എന്ന് ഖ്വാജ ആസിഫ് പറഞ്ഞു. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു.
നിരോധിത സംഘടനയായ ജോയ്ന്റ് അവാമി ആക്ഷന്‍ കമ്മറ്റി നയിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ പാകിസ്ഥാന്‍ സുരക്ഷാസേന വെടിയുതിര്‍ക്കുകയും കുറഞ്ഞത് 14 പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. സമീപ വര്‍ഷങ്ങളില്‍ പാക് അധീന കശ്മീരില്‍ നടന്ന ഏറ്റവും രൂക്ഷമായ അടിച്ചമര്‍ത്തല്‍ നടപടികളിലൊന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.