സിപിഎം നേതാക്കളുടെ മക്കളും മറ്റും പാര്‍ട്ടിയുടെ പേരില്‍ നടത്തുന്ന അവിഹിത ഏര്‍പ്പാടുകള്‍ക്കു പാര്‍ട്ടിയുടെ കൂട്ടുണ്ടാവില്ലെന്നും അവരുമായി ഇടപെടുന്നവര്‍ക്കു ജാഗ്രത വേണമെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ഉള്‍പ്പെട്ട പണം തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തിലാണു മുതിര്‍ന്ന നേതാവിന്റെ മുന്നറിയിപ്പ്. 'പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പേരു പറഞ്ഞു മക്കളും കൊച്ചുമക്കളും മരുമക്കളും ബന്ധുക്കളും മിത്രങ്ങളും അവിഹിതമായി സ്വത്തു സമ്പാദിക്കുന്നുണ്ടെങ്കില്‍ അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല.അവര്‍ക്കു പണം നല്‍കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണം' രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.
സഖാക്കളുടെ മക്കളുടെയും ബന്ധുമിത്രാദികളുടെയും അവിഹിത ഇടപാടുകളെയും സ്വത്തു സമ്പാദനത്തെയും കുറിച്ച് അറിഞ്ഞാല്‍ പാര്‍ട്ടി അതു തടയാന്‍ ശ്രമിക്കുമെന്നും എസ്ആര്‍പി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്നകാലത്ത്, 2007 ല്‍, മകന്റെ സുഹൃത്ത് രാഖുല്‍ കൃഷ്ണനും യുഎഇ പൗരനും ചേര്‍ന്നുണ്ടാക്കിയ ടൂറിസം കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
എന്നാല്‍, കോടിയേരിയുടെ ഭാഗത്തുനിന്ന് അധികാരദുര്‍വിനിയോഗമുണ്ടായെന്ന് ഇതുവരെ ആക്ഷേപമില്ലെന്ന് എസ്ആര്‍പി പറഞ്ഞു. പാര്‍ട്ടിക്കോ കോടിയേരിക്കോ എതിരെ പരാതിയില്ല. കേസില്‍ പാര്‍ട്ടി കക്ഷിയല്ല. അതുകൊണ്ടാണു പാര്‍ട്ടി ഇടപെടില്ലെന്നു പറഞ്ഞതെന്നും എസ്ആര്‍പി വിശദീകരിച്ചു.
വേണ്ടത്ര മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും കോടിയേരി ജാഗ്രത പാലിച്ചില്ലെന്നു വിമര്‍ശനം ശക്തമാണ്. എന്തൊക്കെയാണ് ഇതുവരെയുള്ള ബിസിനസുകളെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായിട്ടില്ല. ഇതിനിടെ പരാതി നല്‍കിയ യുഎഇ പൗരന്‍ കേരളത്തിലെത്തി പത്രസമ്മേളനം നടത്താനിരിക്കുകയാണ്. കൂടുതല്‍ തലവേദനയാകും പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ .