പ്രിയങ്ക ഗാന്ധിയുടെ മുന്നിലും പിന്നിലും മാത്രമല്ല എ.വിജയരാഘവന്റെയും മുന്നിലും പിന്നിലും ഉള്ളതും വര്‍ഗീയ ശക്തികള്‍ തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് വര്‍ഗീയ ശക്തികള്‍ ആണെന്നത് പുതിയ ഒരു കാര്യമല്ല. വിജയരാഘവന് ഇപ്പോള്‍ എന്താണ് പുതിയൊരു വെളിപാട് ഉണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
വിജയരാഘവന്റെ പാര്‍ട്ടി പിഡിപിയുമായും ഐഎന്‍എല്ലുമായും പരസ്യ സഖ്യം ഉള്ളവരാണ്. പോപ്പുലര്‍ ഫ്രണ്ടുമായും ജമാഅത്തെ ഇസ്ലാമിയുമായും ഇവര്‍ സഖ്യം ഉണ്ടാക്കിയിരുന്നു. യുഡിഎഫ് ആവട്ടെ മുസ്ലിം ലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും പരസ്യ സഖ്യത്തില്‍ ആണ്. സിപിഎമ്മിന് ഭൂരിപക്ഷ സമുദായത്തിന്റെ ജനപിന്തുണ നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാന്‍ വേണ്ടിയാണ് വിജയരാഘവനെ പോലെയുള്ളവര്‍ ഇത്തരം വെടികള്‍ പൊട്ടിക്കുന്നത്. ഇതിനൊന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പിന്തുണ ലഭിക്കുകയില്ല.
മെക് സെവനെതിരെ കോഴിക്കോട് ജില്ലാ സെക്രട്ടറി വലിയ പ്രതികരണം നടത്തി. എന്നാല്‍ സിപിഎം തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞതിനാല്‍ ജില്ലാ സെക്രട്ടറിക്ക് 24 മണിക്കൂര്‍ കൊണ്ട് മലക്കം മറക്കേണ്ടി വന്നു. മുഹമ്മദ് റിയാസും സംഘവും ആണ് ഇതിനെല്ലാം പിന്നില്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷം അവരുടെ കേഡര്‍മാരെ എങ്ങനെയെല്ലാം സഖാക്കള്‍ ആക്കി മാറ്റാം എന്നാണ് സിപിഎം ശ്രമിക്കുന്നത്.
കൊല്ലത്തും ആലപ്പുഴയിലും സിപിഎമ്മില്‍ കണ്ട വിഭാഗീയതയുടെ മൂല കാരണം ഇതുതന്നെയാണ്. പിഎഫ്ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുള്ള ഒരു കള്ളത്തരം മാത്രമാണ് സിപിഎമ്മിന്റെ മതനിരപേക്ഷത. വര്‍ഗീയശക്തികളോട് എന്ത് നിലപാട് എടുക്കണം എന്ന് പോലും സിപിഎമ്മിന് ധാരണ ഇല്ലാതായിരിക്കുന്നു. വലിയ ആശയ പാപ്പരത്തമാണ് സിപിഎം നേരിടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കട്ടപ്പന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതിക്കും കൊള്ളരുതായ്മകള്‍ക്കും എതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തും. സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കാന്‍ ആവശ്യമായ രീതിയിലായിരിക്കും ബിജെപിയുടെ പ്രക്ഷോഭങ്ങള്‍. സഹകരണ മേഖലയെ ശുദ്ധീകരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സഹകരണ കൊള്ളയില്‍ എല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഉന്നതരായ സിപിഎം നേതാക്കളാണ്. എന്നാല്‍ സഹകരണ രംഗത്ത് വലിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനും ശുദ്ധീകരണത്തിനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്തിരിക്കുകയാണ്. കേന്ദ്രത്തിലെ സഹകരണ നിയമങ്ങള്‍ കേരളത്തിലും നടപ്പിലാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.