നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്‌കൂളില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ബിജെപിയുടെ മുന്‍ ഭാരവാഹികളും സജീവ പ്രവര്‍ത്തകരുമെന്ന് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. ആക്രമണം നടത്താന്‍ നേതൃത്വം നല്‍കി റിമാന്‍ഡിലായവരില്‍ രണ്ട് പേരും മുന്‍ ബിജെപിയുടെ ഭാരവാഹികളാണെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനായി പ്രവര്‍ത്തിച്ചവരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
പ്രതികളിലൊരാളായ വിശ്വഹിന്ദുപരിഷത്തിന്റെ ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍ ചിറ്റൂരിലെ ബിജെപിയുടെ മണ്ഡലം ഭാരവാഹിയായിരുന്നു. വി സുശാസനന്‍ ഒബിസി മോര്‍ച്ചയുടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ബിജെപിയുടെ ഭാരവാഹികളായിരുന്ന സജീവ പ്രവര്‍ത്തകരായിരുന്നവരാണ് സ്‌കൂളില്‍ ക്രിസ്തുമസ് കരോളിനെതിരെ ആക്രമണം സംഘടിപ്പിച്ചത്. കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമുദായിക നേതാക്കളുമായി സംസാരിക്കാനും വോട്ട് ഏകോപിപ്പിക്കാനുമായി ബിജെപി ചുമതലപ്പെടുത്തിയവരാണ് സ്‌കൂളില്‍ കരോള്‍ തടഞ്ഞതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
വെള്ളിയാഴ്ച സ്‌കൂളില്‍ ആക്രമണം നടന്നതിന് ശേഷം ബിജെപിയുടെ സംസ്ഥാന നേതൃത്വം ഈ കേസ് അട്ടിമിറിക്കാന്‍ വേണ്ടി പൊലീസുമായി നിരന്തരം ബന്ധപ്പെട്ടു. യുവമോര്‍ച്ച നേതാക്കള്‍ വഴി ചിറ്റൂരിലെ പൊലീസുമായി ബന്ധപ്പെട്ട് ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമം ബിജെപി സംസ്ഥാന നേതൃത്വം നടത്തിയിട്ടുണ്ട്. ഒരുവശത്ത് വല്ലാത്ത ക്രൈസ്തവ സ്‌നേഹം അഭിനയിച്ചു കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലേയ്ക്ക് ക്രിസ്മസ് കേക്കുമായി പോകുകയും എന്നാല്‍ മറുവശത്ത് ക്രൈസ്തവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കാനും സംഘപരിവാര്‍ ശ്രമിക്കുന്നു. സ്‌കൂളില്‍ കുട്ടികള്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള ശ്രമം കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണ്. ഇരകളോടൊപ്പം ഓടുകയും അതേ സമയം വേട്ടക്കാരനോടൊപ്പം വോട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ബിജെപിക്കുള്ളത്. ഈ നിമിഷംവരെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് ബിജെപിക്ക് ഇതില്‍ ബന്ധമുണ്ടെന്നാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
ഇതരസമുദായങ്ങളുമായി ഭിന്നിപ്പ് ഉണ്ടാക്കാന്‍ ക്രൈസ്തവര്‍ക്കിടയില്‍ നുണപ്രചരണം നടത്തുന്നുണ്ട്. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ പാടില്ല മകരനക്ഷത്രമാണ് തൂക്കേണ്ടതെന്ന് കാമ്പയിന്‍ നടന്നു. ഈ കാമ്പയിന് നേതൃത്വം കൊടുക്കുന്നത് വി മുരളീധരനുമായി അടുത്ത ബന്ധമുള്ള മുരളീധരന്റെ സാമൂഹിക മാധ്യമ ഇടപെടലുകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു വനിതയാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇവര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷനുമായി അടുത്ത ബന്ധമുണ്ടെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ പാടില്ല മകരനക്ഷത്രമാണ് തൂക്കേണ്ടതെന്ന കാമ്പയിനെയൊന്നും ബിജെപി നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ലെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ കരോള്‍ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഎച്ച്പി പ്രവര്‍ത്തകര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് സംഭവത്തില്‍ റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്