സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നതെന്നും കെ എം ഷാജി പറഞ്ഞു. ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്. എ വിജയരാഘവനും പി മോഹനനും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ്. കാക്കി ട്രൗസര്‍ അണിഞ്ഞ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് പി മോഹനന് നല്ലതെന്നും കെ എം ഷാജി പറഞ്ഞു. പേരാമ്പ്ര ചാലിക്കരയില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.
മുസ്ലിം ലീഗിനെയും മുസ്ലിം സമൂഹത്തെയും നന്നാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് സിപിഐഎമ്മും പിണറായി വിജയനെന്നും കെ എം ഷാജി പറഞ്ഞു. അബ്ദുള്‍ നാസര്‍ മദനിയെ വേദിയില്‍ ഇരുത്തി പുകഴ്ത്തിയ നേതാവാണ് പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയുടെ പേര് പറഞ്ഞ് ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള ആസൂത്രിത നീക്കമാണ് സിപിഐഎം നടത്തുന്നതെന്നും കെ എം ഷാജി പറഞ്ഞു.
സമസ്തയെ പിളര്‍ത്താന്‍ സിപിഐഎം ശ്രമിച്ചുവെന്നും കെ എം ഷാജി ആരോപിച്ചു. സമസ്തയില്‍ നിന്ന് കിട്ടാവുന്നവരെയൊക്കെ കൂട്ടി സര്‍ക്കസ് നടത്തി. മത സംഘടനകളെ മുസ്ലിം ലീഗ് വിരുദ്ധരാക്കാന്‍ ശ്രമിച്ചു. മുസ്ലിം വോട്ടുകള്‍ ലഭിക്കാനുള്ള തന്ത്രങ്ങള്‍ സിപിഐഎം പരീക്ഷിച്ചു. കളിക്കാവുന്ന എല്ലാ വൃത്തികെട്ട കളികളും കളിച്ചു. മുസ്ലിങ്ങളെ പറ്റിക്കാനുള്ള ശ്രമം നടത്തിയെന്നും കെ എം ഷാജി പറഞ്ഞു.