CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 4 Minutes 41 Seconds Ago
Breaking Now

കൊച്ചിയില്‍ അരലക്ഷത്തോളം വീടുകളില്‍ താമസിക്കാന്‍ ആളില്ല ; കേരളത്തില്‍ ആകെ വീടുകളില്‍ 14 ശതമാനവും താമസക്കാരില്ല

തിങ്കളാഴ്ച പുറത്തുവിട്ട സാമ്പത്തിക സര്‍വേയിലെ കണക്കനുസരിച്ചാണിത്.

കേരളത്തിലെ ആകെ വീടുകളുടെ 14 ശതമാനം താമസക്കാരില്ലാതെ പൂട്ടിക്കിടക്കുന്നു. ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണിത്. കൊച്ചിയില്‍ ഏകദേശം 50,000 വീടുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈവിഭാഗത്തില്‍ അഞ്ചാംസ്ഥാനമാണ് കേരളത്തിന്. തിങ്കളാഴ്ച പുറത്തുവിട്ട സാമ്പത്തികസര്‍വേയിലെ കണക്കനുസരിച്ചാണിത്.

മൊത്തം വീടുകളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ കാര്യത്തില്‍ ഗുജറാത്താണ് മുന്നില്‍. അവിടെ ആകെ വീടുകളുടെ 19 ശതമാനത്തോളം പൂട്ടിക്കിടക്കുന്നു. രാജസ്ഥാന്‍ (17.3 ശതമാനം), മഹാരാഷ്ട്ര (16.39) എന്നീ സംസ്ഥാനങ്ങളിലാണ് തൊട്ടുപിന്നില്‍. രാജ്യത്താകെ 1.1 കോടി വീടുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.

രാജ്യത്ത് ആകെ വീടുകളുടെ 12.38 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. എണ്ണംമാത്രം കണക്കാക്കിനോക്കിയാല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുംകൂടുതല്‍ പൂട്ടിക്കിടക്കുന്ന വീടുകളുള്ളത്; 20 ലക്ഷം. തൊട്ടുപിന്നില്‍ ഗുജറാത്താണ് (12 ലക്ഷം). മുംബൈയില്‍മാത്രം അഞ്ചുലക്ഷത്തോളം വീടുകളില്‍ ആളില്ല. ഡല്‍ഹിയിലും ബെംഗളൂരുവിലും മൂന്നുലക്ഷം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നു.

2012ലെ കണക്കനുസരിച്ച് രാജ്യത്തെ നഗരമേഖലയില്‍ 1.8 കോടി വീടുകളുടെ കുറവുണ്ട്. എന്നാല്‍, പത്തുവര്‍ഷത്തിനിടയില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം 46 ലക്ഷം വര്‍ധിച്ചുവെന്നാണ് സര്‍വേ വെളിപ്പെടുത്തുന്നത്. നഗരമേഖലയിലെ 31 ശതമാനം വീടുകളും ഗ്രാമപ്രദേശങ്ങളിലെ അഞ്ചുശതമാനം വീടുകളും വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഗുജറാത്ത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വാടകക്കാരുള്ളത്. അതേസമയം, രാജ്യത്തെ വാടകവീടുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സാമ്പത്തികസര്‍വേ പറയുന്നു.

ഇന്ത്യയില്‍ താമസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സങ്കീര്‍ണമാണ്. വീടുനിര്‍മിക്കുന്നതിലും സ്വന്തമാക്കുന്നതിലുമാണ് ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായി ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ കൈകാര്യം ചെയ്യാനും വാടകയ്ക്ക് നല്കുന്നതിനും പുതിയനയം കൊണ്ടുവരണമെന്നും സര്‍വേ നിര്‍ദേശിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.