സീറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം നടത്തികൊണ്ടുള്ള ആറംഗ അന്വേഷണ സമിതിയ്ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദമായതോടെ അത് അന്വേഷിക്കാന്‍ നിയോഗിതരായ വൈദീക സമിതിയ്ക്ക് മുമ്പാകെയാണ് എഴുതി നല്‍കിയത്.
മൊഴിയുടെ പകര്‍പ്പും കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടും ചില വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഭൂമി വില്‍പ്പനയില്‍ സഭാ നിയമങ്ങളോ സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എങ്കിലും അതില്‍ ക്രമക്കേടുകള്‍ സംഭവിച്ചില്‍ ദുഖമുണ്ടെന്നും കര്‍ദിനാള്‍ ആലഞ്ചേരി അന്വേഷണ കമ്മീഷന് എഴുതി നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവം വന്‍ വിവാദമായതോടെ ഫാദര്‍ ബെന്നി മാരാംപറമ്പില്‍ അധ്യക്ഷനായ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് കര്‍ദിനാളിന്റെ കുറ്റസമ്മത മൊഴിയുള്ളത്.
എല്ലാ ഭൂമി ഇടപാടുകളും കര്‍ദിനാള്‍ നേരിട്ട് ഇടപെട്ടാണ് നടത്തിയതെന്ന ചില കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. ഭൂമി വില്‍പ്പനയിലൂടെ കിട്ടേണ്ട പണം അതിരൂപതയ്ക്ക് കിട്ടുമെന്ന് ഉറപ്പാക്കാനുള്ള ഇടപെടല്‍ കര്‍ദിനാള്‍ നടത്തിയില്ല. സീറോ മലബാര്‍ സഭയുടെ അദ്ധ്യക്ഷനെന്ന നിലയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭാ നിയമങ്ങളെ ബഹുമാനിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട് .