എയര്‍പോര്‍ട്ടുകളിലാണ് പൊതുവെ ബാഗേജുകള്‍ എക്‌സ്‌റേ സ്‌കാനിലൂടെ കടത്തിവിടുന്നത്. അത് ഉടന്‍ തന്നെ മറുവശത്ത് കൂടെ കൈയില്‍ തിരികെ എത്തുകയും ചെയ്യും. എന്നാല്‍ സൗത്ത് ചൈനയിലെ ഒരു റെയില്‍വെ സ്റ്റേഷനില്‍ യാത്രക്ക് എത്തിയ യുവതിക്ക് കൈയിലുള്ള ബാഗ് ഒറ്റയ്ക്ക് പരിശോധനയ്ക്ക് വിടാന്‍ താല്‍പര്യമുണ്ടായില്ല. ഇതിന് അവര്‍ കാണിച്ച മണ്ടത്തരം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.
തന്റെ കണ്‍മുന്നില്‍ നിന്നും ഹാന്‍ഡ്ബാഗ് അപ്രത്യക്ഷമാകാന്‍ സമ്മതിക്കില്ലെന്ന വാശിയിലാണ് ഈ യുവതി സെക്യൂരിറ്റി സ്‌കാനറിലൂടെ കയറിയിറങ്ങിയത്. ഇപ്പോള്‍ ട്രാക്കില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഇവരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. തങ്ങളുടെ ബാഗേജുകള്‍ സ്വന്തമാക്കാന്‍ കാത്തുനില്‍ക്കുന്ന മറ്റ് യാത്രക്കാരെ കൂടി അമ്പരപ്പിച്ചാണ് യുവതി കണ്‍വേയര്‍ ബെല്‍റ്റിലൂടെ മറുവശത്ത് എത്തിയത്.
ഈ വീഡിയോ മൂന്ന് മില്ല്യണ്‍ ജനങ്ങള്‍ ഇതുവരെ കണ്ടുകഴിഞ്ഞു. തന്റെ ബാഗിലുള്ള പണം ആരെങ്കിലും കവരുമെന്നായിരുന്നു ഇവരുടെ ഭയം. എന്നാല്‍ പണത്തിന് വേണ്ടി സ്വന്തം ആരോഗ്യം നഷ്ടപ്പെടുത്തിയ യാത്രക്കാരിയെ ഇന്റര്‍നെറ്റ് ലോകം പരിഹസിക്കുകയാണ്. ഇത്തരം മെഷിനുകളിലെ അതിശക്തമായ എക്‌സ്‌റേ ശരീരത്തിന് ദോഷമാണ്.
ചൈനയില്‍ ലൂണാര്‍ ന്യൂഇയര്‍ ആഘോഷിക്കുന്നതിനാല്‍ റെയില്‍വെ സ്‌റ്റേഷനിലും പൊതു ഇടങ്ങളിലും വന്‍ തിരക്കാണ്. ഇതുമൂലം പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.