ഇന്ത്യയില്‍ 11000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വജ്രവ്യവസായി നിരവ് മോദി ന്യൂയോര്‍ക്കില്‍ സുഖജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ട്. മാന്‍ഹാട്ടണിലെ ജെ.ഡബ്യു മാരിയറ്ററിലെ ആഡംബര സ്യൂട്ടിലാണ് നിരവും, കുടുംബവും താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാഡിസണ്‍ അവന്യുവില്‍ നിരവ് മോദിയുടെ ആഭരണ ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് സമീപമാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. മാരിയറ്റ് എസെക്‌സ് ഹൗസിലെ സ്യൂട്ടിലാണ് നിരവ് താമസിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നതത്രേ. നിരവിനെയും കുടുംബത്തെയും കണ്ടെത്താനായി മാധ്യമങ്ങള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ന്യൂയോര്‍ക്കില്‍ ഇയാള്‍ താമസിക്കുന്നതായി കണ്ടെത്തിയത്.
ഇവിടെ എത്തിയ മാധ്യമങ്ങള്‍ക്ക് നിരവിനെയും കുടുംബത്തെയും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. നിരവും, കുടുംബാംഗങ്ങളും കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് വരുന്നതും അകത്തേക്ക് കയറുന്നതും ശ്രദ്ധിച്ചിട്ടുള്ളതായി ഹോട്ടല്‍ ജീവനക്കാര്‍ വെളിപ്പെടുത്തി. ജനുവരി ഒന്നിനാണ് നിരവ് മോദി രാജ്യം വിട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖ വഴിയാണ് നിരവ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
ബാങ്ക് തട്ടിപ്പ് കണ്ടെത്തി പരാതി നല്‍കുമ്പോഴേക്കും നിരവ് മോദി രാജ്യം വിട്ടിരുന്നു. ഇയാളുടെ വിവിധ സ്ഥാപനങ്ങള്‍ ഇഡി റെയ്ഡ് നടത്തിവരികയാണ്. 5500 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.