ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. സിറിയയില്‍ ഉടനീളമുളള രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങളിലും ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും ഭര്‍ത്താക്കന്മാരോ പിതാക്കന്മാരോ ഇല്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളുമാണ് ചൂഷണത്തിന് ഇരയാകുന്നതെന്നും അഭയാര്‍ത്ഥികളെ സഹായിക്കുന്ന സംഘത്തിലെ വനിതാ രക്ഷാപ്രവര്‍ത്തകരാണ് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ ചാരിറ്റി സംഘത്തിലെ പുരുഷന്മാര്‍ മരുന്നുകളും ഭക്ഷണവും അടക്കം പിടിച്ചുവെക്കുന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയുടേത് അടക്കമുളള അന്താരാഷ്ട്ര മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നാണ് ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായ സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനത്തിത്തുന്നവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പരിക്കേറ്റവര്‍ക്ക് പരിചരണം നല്‍കുന്നത്. ഇങ്ങനെ ക്യാമ്പ് ചെയ്യുന്ന ചില ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലെ സ്ത്രീകളെ തങ്ങളുടെ താമസസ്ഥലത്തേക്ക് മരുന്നും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് കുറഞ്ഞ കാലത്തേക്ക് കൊണ്ടുപോവുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ലൈംഗികമായി ചൂഷണം ചെയ്ത ശേഷം ഇവരെ പറഞ്ഞയക്കുന്നതാണ് രീതിയെന്നും വെളിപ്പെടുത്തലുണ്ട്. 2015ല്‍ ഇത്തരത്തിലുളള ചൂഷണം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഐക്യരാഷ്ട്രസഭ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. യുദ്ധത്തില്‍ പരിക്കേറ്റ ഉറ്റവര്‍ക്ക് വേണ്ടി മരുന്നും ഭക്ഷണവും തേടി ചാരിറ്റി കേന്ദ്രങ്ങളിലേക്ക് പോകാന്‍ ചിലര്‍ക്ക് മടിയാണ്. ചിലര്‍ അതിന് തയ്യാറാവാറുപോലുമില്ലായെന്ന് വനിതാ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. വീട്ടിലേക്ക് കൊണ്ടുവന്ന മരുന്നിന് പകരമായി ശരീരം വിറ്റോയെന്ന് ബന്ധുക്കള്‍ കരുതുന്നത് കൊണ്ടാണ് സ്ത്രീകള്‍ സഹായ കേന്ദ്രങ്ങളില്‍ എത്താത്തതെന്നും ബിബിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.